കുടിവെള്ള വിപണിയിൽ മുൻപന്തിയിൽ നിൽക്കുന്ന ബിസ്ലേരിക്കെതിരെ നടപടിയുമായി FSSAI. ബിസ്ലേരി ഇന്റർനാഷണലിന്റെ പാക്കേജ്ഡ് കുടിവെള്ള സാമ്പിൾ 'സുരക്ഷിതമല്ല' എന്ന് കണ്ടെത്തിയതിന് പിന്നാലെ കമ്പനിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി ഭക്ഷ്യ സുരക്ഷാ അതോറിറ്റി. ഇതിന് പിന്നാലെ രാജ്യത്തുടനീളമുള്ള മറ്റ് കുടിവെള്ള ബ്രാൻഡുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടങ്ങി.
ഏകദേശം 14 മാസം മുൻപുള്ള കേസാണ് ഇപ്പോൾ പൊങ്ങി വന്നിരിക്കുന്നത്. ഗോവയിലെ ബിസ്ലേരിയുടെ പ്ലാന്റിൽ നിന്ന് 2025 സെപ്റ്റംബർ 30ന് FSSAI ആറ് സാമ്പിളുകൾ ശേഖരിച്ചു. അതിൽ അഞ്ചെണ്ണം എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു. എന്നാൽ ആറാമത്തെ സാമ്പിളിൽ ബ്രോമേറ്റിന്റെ അളവ് ലിറ്ററിന് 12 മൈക്രോഗ്രാം ആണെന്ന് കണ്ടെത്തി. അനുവദനീയമായ പരിധി 10 മൈക്രോഗ്രാം മാത്രമാണ്.
എന്നാൽ ബിസ്ലേരിയുടെ വാദം മറ്റൊന്നാണ്. തങ്ങൾക്ക് FSSAIയിൽ നിന്ന് യാതൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും, റഫറൽ ലാബിൽ നടത്തിയ പുനഃപരിശോധനയിൽ ബ്രോമേറ്റ് അളവ് പരിധിക്കുള്ളിലായിരുന്നുവെന്നും കമ്പനി പറയുന്നു. സ്വതന്ത്ര ലാബിൽ നടത്തിയ പരിശോധനയിലും ഫലം ഇതുതന്നെയായിരുന്നുവെന്നും, ഈ റിപ്പോർട്ടുകൾ ഫെബ്രുവരിയിൽ തന്നെ FSSAIക്ക് കൈമാറിയിരുന്നുവെന്നും ബിസ്ലേരി വ്യക്തമാക്കി.
90-ലധികം ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് വെള്ളം പുറത്തിറക്കുന്നത്, ഞങ്ങളുടെ വെള്ളം സുരക്ഷിതമാണ് എന്നാണ് കമ്പനിയുടെ നിലപാട്. FSSAIയുമായി സഹകരിക്കുമെന്നും ബിസ്ലേരി അറിയിച്ചു.