ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർണായക ചർച്ചകൾക്ക് ഇന്ന് ന്യൂഡൽഹിയിൽ തുടക്കമാകും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊർജം, റെയിൽവേ, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതായിരിക്കും പ്രധാന ചർച്ചാവിഷയം. ഇതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധം വിലയിരുത്തുകയും പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും.
പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ബാലേന്ദ്ര ഷായുടെ ആദ്യ വിദേശ സന്ദർശനമാണിത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ചയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇന്ന് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ ശേഷം രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കും. പിന്നീട് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവുമായും കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി വികസന പദ്ധതികൾക്കും സന്ദർശനത്തിൽ പ്രാധാന്യമുണ്ട്. നേരത്തെ പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനം ഇരു പ്രധാനമന്ത്രിമാരും ഓൺലൈനായി നിർവഹിക്കും. പുതിയ പദ്ധതികൾക്ക് തറക്കല്ലിടുന്ന ചടങ്ങുകളും ഉണ്ടാകും. വ്യാപാരത്തിലും നിക്ഷേപത്തിലും ഇന്ത്യ നേപ്പാളിന്റെ പ്രധാന പങ്കാളിയായതിനാൽ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതും ഇരുരാജ്യങ്ങളുടെയും ലക്ഷ്യമാണ്.
വിനോദസഞ്ചാര മേഖലയിലെ ബന്ധം ശക്തമാക്കാനും ചർച്ചകളിൽ പ്രത്യേക പരിഗണനയുണ്ട്. രാമായണ സർക്യൂട്ടും ബുദ്ധിസ്റ്റ് സർക്യൂട്ടും കേന്ദ്രീകരിച്ച് ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ ദിശാബോധം നൽകുന്നതായിരിക്കും ഇന്നത്തെ കൂടിക്കാഴ്ച.