പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. നയപരമായ വിമർശനങ്ങൾക്കപ്പുറം നേതാക്കൾക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് ഇരുപാർട്ടികളും കടന്നതോടെ ഇന്ത്യാ സഖ്യത്തിനുള്ളിലെ ഭിന്നതയും പരസ്യമായിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ പരിഹസിച്ച് 'പപ്പു' എന്നെഴുതിയ പോസ്റ്ററുമായാണ് ആം ആദ്മി പാർട്ടി രംഗത്തെത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ രാഹുൽ ഗാന്ധി മദ്യപാനിയെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് എഎപിയുടെ തിരിച്ചടി.
നവംബർ നാലിന് സംഗ്രൂരിൽ നടന്ന കോൺഗ്രസിന്റെ ഇൻസാഫ് റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. പാർലമെന്റിൽ ഇരിക്കുമ്പോൾ രാവിലെ 11 മണിക്ക് തന്നെ ഭഗവന്ത് മന്നിൽ നിന്ന് മദ്യത്തിന്റെ മണം വരാറുണ്ടായിരുന്നുവെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ഇതിന് മറുപടിയായി രാഹുലിനെ 'പപ്പു' എന്ന് വിളിച്ച എഎപി, ജനങ്ങളോട് രസകരമായ 'പപ്പു ഉദ്ധരണികൾ' പങ്കുവെക്കാനും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പഞ്ചാബിൽ മദ്യവും മയക്കുമരുന്ന് മാഫിയയും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറുകയാണ്. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കുമെന്ന വാഗ്ദാനം പാലിക്കാൻ എഎപി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ മറ്റൊരു ആരോപണം. മുഖ്യമന്ത്രി ഭഗവന്ത് മൻ വെറുമൊരു കാഴ്ചക്കാരനാണെന്നും പഞ്ചാബിന്റെ ഭരണം നടക്കുന്നത് ഡൽഹിയിൽ നിന്നാണെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസും ആം ആദ്മി പാർട്ടിയും ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെന്നിരിക്കെ, പഞ്ചാബിൽ ഇരുപാർട്ടികളും തമ്മിലുള്ള ഈ വാക്പോര് രാഷ്ട്രീയമായി നിർണായകമാകുകയാണ്.