ഏഴിമല നാവിക അക്കാദമിയിൽ ഗുരുതര സുരക്ഷാ വീഴ്ച.
ഇന്ത്യൻ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖകളുമായി അക്കാദമിയിൽ ജോലി ചെയ്ത ബംഗ്ലാദേശ് സ്വദേശി പിടിയിൽ.
ബിപ്ലബ് സോറൻ എന്ന പേരിലുള്ള 32കാരനെയാണ് പിടികൂടിയത്. മുർഷിദാബാദ് സ്വദേശിയാണെന്ന് കാണിക്കാൻ പശ്ചിമ ബംഗാൾ പോലീസിന്റെ പേരിലുള്ള വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയിരുന്നു.
കഴിഞ്ഞ ഒരു വർഷമായി നാവിക അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ കരാർ ജീവനക്കാരനായി ഇയാൾ ജോലി ചെയ്തുവരികയായിരുന്നു.
ഇയാളുടെ ദിനചര്യയിലും പെരുമാറ്റത്തിലും സംശയം തോന്നിയതിനെ തുടർന്ന് നാവികസേനാ അധികൃതർ രഹസ്യമായി നിരീക്ഷണം നടത്തി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ ബംഗ്ലാദേശ് പൗരനാണെന്ന് കണ്ടെത്തിയത്.
ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകളും കണ്ടെത്തി. തുടർന്ന് ഇയാളെ പയ്യന്നൂർ പോലീസിന് കൈമാറി.
പയ്യന്നൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതീവ സുരക്ഷാ മേഖലയായ നാവിക അക്കാദമിയിൽ വിദേശ പൗരൻ വ്യാജ രേഖകളുമായി ജോലി ചെയ്ത സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
രണ്ട് ദിവസം മുൻപ് കണ്ണൂരിലെ ഒരു സ്പായിൽ നിന്ന് വ്യാജ രേഖകളുമായി അഞ്ച് ബംഗ്ലാദേശി യുവതികളെയും പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഏഴിമല നാവിക അക്കാദമിയിൽ നിന്ന് ബംഗ്ലാദേശ് സ്വദേശി പിടിയിലായത്.
ജില്ലയിൽ ഇത്തരത്തിൽ കൂടുതൽ പേർ വ്യാജ രേഖകളുമായി കഴിയുന്നുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .