എക്സാലോജിക്–സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സൂചന ലഭിച്ച ഹവാല ഇടപാടുകളുടെ തുടർ അന്വേഷണത്തിന്റെ ഭാഗമായി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ഇ.ഡി ചോദ്യം ചെയ്തു. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിനെയാണ് ഇ.ഡി ഉദ്യോഗസ്ഥർ തിങ്കളാഴ്ച ചോദ്യം ചെയ്തത്. ഐടി വ്യവസായി എന്ന നിലയിലാണ് ഫെബീഷ് അറിയപ്പെടുന്നത്.
മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ സ്വന്തം മണ്ഡലമായ ബേപ്പൂരിൽ ഫെസ്റ്റ് സംഘടിപ്പിച്ചപ്പോൾ ഫെബീഷ് മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഫെബീഷിന്റെ കോഴിക്കോട്ടെ ബാങ്ക് ലോക്കർ ഇ.ഡി സംഘം പരിശോധിച്ചിരുന്നു. ലോക്കറിൽ ഉണ്ടായിരുന്ന 50 പവനിൽ ഏറെ സ്വർണവും പണവും സംബന്ധിച്ച് പ്രാഥമിക വിവരം തേടിയ ശേഷം അന്വേഷണത്തിന്റെ ഭാഗമായി ലോക്കർ സീൽ ചെയ്തു.
സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നെങ്കിലും വിജിലൻസ് അന്വേഷണത്തിന് നിയമോപദേശം തേടുന്ന നടപടികൾ വൈകുന്നതിനിടെയാണ് ഇ.ഡി തുടർ നടപടികളിലേക്ക് കടന്നത്.