പ്രാഥമിക ഫോറന്‍സിക് പരിശോധനകള്‍ പ്രകാരം ഏകദേശം 30 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുടെയും 5 വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടെയും മൃതദേഹാവശിഷ്ടങ്ങളാണ് ചാക്കില്‍ ഉണ്ടായിരുന്നത്. ഇവയ്ക്ക് നാല് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് നിഗമനം.കൊല്ലപ്പെട്ടവര്‍ അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍, കേരളത്തിലെ ഇതര ജില്ലകളിലെയും തമിഴ്നാട് അതിര്‍ത്തിയിലെയും പോലീസ് സ്റ്റേഷനുകളില്‍ അടുത്ത ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കാണാതാകല്‍ പരാതികള്‍ അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി പരിശോധിച്ചുവരികയാണ് . മൃതദേഹം അടങ്ങിയ ചാക്കുകള്‍ പുഴയില്‍ തള്ളിയവരെ കണ്ടെത്താന്‍ പുഴയുടെ സമീപപ്രദേശങ്ങളിലെയും പ്രധാന റോഡുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു .
കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(1) പ്രകാരം കൊലപാതകത്തിനാണ് പുതൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത് . പശുവിനെ മേയ്ക്കാന്‍ പോയ നാട്ടുകാരാണ് ഞായറാഴ്ച ഉച്ചയോടെ പുഴയോരത്ത് അടിഞ്ഞ നിലയില്‍ സംശയാസ്പദമായ രീതിയില്‍ ചാക്കുകള്‍ കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത് . കൊല്ലപ്പെട്ടവരും പ്രതിയും ഇതരസംസ്ഥാനക്കാരാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞതായാണ് പൊലീസ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത് .
അട്ടപ്പാടി കോട്ടത്തറ ഭാഗത്തുള്ള ഒരു കടയില്‍ നിന്നാണ് പ്രതി മൃതദേഹങ്ങള്‍ കെട്ടാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ചാക്കുകള്‍ വാങ്ങിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ കടയിലെ സിസിടിവി ദൃശ്യങ്ങളും ജീവനക്കാരുടെ മൊഴികളും പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചിട്ടുണ്ട്. സ്ത്രീയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങള്‍ തലയറുത്ത് മാറ്റിയ നിലയിലായിരുന്നു. ക്രൂരമായ ഈ കൊലപാതകം നടത്താനും മൃതദേഹങ്ങള്‍ വെട്ടിമുറിച്ചു മാറ്റാനും പ്രതിക്ക് ഒന്നിലധികം ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട് . തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് നടക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണകാരണത്തിലും സമയത്തിലും കൂടുതല്‍ വ്യക്തത ലഭിക്കും .