മേഖലയിൽ സംഘർഷസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ ബഹ്റൈനിലുള്ള അമേരിക്കൻ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് മനാമയിലെ അമേരിക്കൻ എംബസി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. മേഖലയിലെ അമേരിക്കൻ ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നീക്കം നടത്തിയേക്കാമെന്ന റിപ്പോർട്ടുകളും മുന്നറിയിപ്പിന് പിന്നിലുണ്ട്.
വ്യോമാതിർത്തികൾ അടച്ചിടുന്നതും വിമാന സർവീസുകൾ റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള അപ്രതീക്ഷിത യാത്രാ തടസ്സങ്ങൾ നേരിടാൻ പൗരന്മാർ തയ്യാറായിരിക്കണമെന്ന് എംബസി നിർദ്ദേശിച്ചു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതി വിമതർ മുൻപ് നടത്തിയ ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങൾക്കും യാത്രാ പ്രതിസന്ധികൾക്കും വഴിവച്ചിരുന്നു. മേഖലയിലെ സ്ഥിതിഗതികൾ എപ്പോൾ വേണമെങ്കിലും കൂടുതൽ ഗുരുതരമാകാമെന്നും മുന്നറിയിപ്പിലുണ്ട്.
അമേരിക്കൻ പൗരന്മാരുമായും ബിസിനസ് സ്ഥാപനങ്ങളുമായും ബന്ധമുള്ള വിദേശ കേന്ദ്രങ്ങൾ ഇറാനും സഖ്യകക്ഷികളും ലക്ഷ്യമിടാനുള്ള സാധ്യതയും എംബസി ചൂണ്ടിക്കാട്ടി. മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ വിമാനക്കമ്പനികളുടെ അറിയിപ്പുകൾ നിരന്തരം പരിശോധിക്കുകയും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.
വിമാന സർവീസുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുകളെയോ ബഹ്റൈൻ രാജ്യാന്തര വിമാനത്താവളത്തിന്റെ ഫ്ലൈറ്റ് ട്രാക്കർ സംവിധാനത്തെയോ ആശ്രയിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, മനാമയിലെ യുഎസ് എംബസിയുടെ വീസ സേവനങ്ങൾ ഉൾപ്പെടെയുള്ള പതിവ് പ്രവർത്തനങ്ങൾ നിലവിൽ സാധാരണ നിലയിൽ തുടരുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്സുകളിൽ നിന്നും എടുത്തതാണ് .