നേപ്പാളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുൾപ്പെടെ നാല് രാജ്യങ്ങളിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടു. രാവിലെ ഏഴ് മണിയോടെയായിരുന്നു നേപ്പാളിലെ കോശി പ്രവിശ്യ കേന്ദ്രീകരിച്ച് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ 20 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്ത്യയിലെ ബിഹാർ, മേഘാലയ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഹിമാലയൻ അതിർത്തി മേഖലകളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തേക്കിറങ്ങി. ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടു. അതേസമയം, ഭൂചലനത്തിന്റെ തീവ്രത 5.6 ആണെന്നാണ് നേപ്പാളിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. നിലവിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതിനിടെ, ചൊവ്വാഴ്ച പുലർച്ചെ 3.30-ഓടെ അസമിലെ കർബി ആംഗ്ലോങ് ജില്ലയിലും നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ 15 കിലോമീറ്റർ ആഴത്തിലായിരുന്നു. തുടർച്ചയായുണ്ടായ ഭൂചലനങ്ങളുടെ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട പ്രദേശങ്ങളിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.