Loading time...
Global

ക്രിസ്മസ് വരവറിയിച്ച് വത്തിക്കാൻ; സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ കൂറ്റൻ ക്രിസ്മസ് ട്രീ സ്ഥാപിച്ചു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Nov 2026, 8:42 am
Updated on: 21 Nov 2026, 8:42 am
Share:
Follow Us: YouTube
Feature Image

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ പരമ്പരാഗത ക്രിസ്മസ് ട്രീ സ്ഥാപിച്ചു. തെക്കൻ ഇറ്റലിയിലെ പൊളിനോ നാഷണൽ പാർക്കിൽനിന്ന് എത്തിച്ച 24 മീറ്റർ ഉയരവും 7.5 ടൺ ഭാരവുമുള്ള കൂറ്റൻ സിൽവർ ഫിർ മരമാണ് ഇത്തവണത്തെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത്.

 

നവംബർ 20 വെള്ളിയാഴ്ചയാണ് ക്രെയിൻ ഉപയോഗിച്ച് മരം ചത്വരത്തിൽ സ്ഥാപിച്ചത്. തെക്കൻ ഇറ്റലിയിലെ ടെറനോവ ഡി പൊളിനോ നഗരസഭയുടെ സമ്മാനമായാണ് ഈ മരം വത്തിക്കാനിലെത്തിയത്. 50,000ത്തിലധികം സ്മാർട്ട് എൽഇഡി ലൈറ്റുകളും കുട്ടികൾ നിർമ്മിച്ച പ്രത്യേക അലങ്കാരങ്ങളുമാണ് ക്രിസ്മസ് ട്രീയെ മനോഹരമാക്കുക.

 

ഇറ്റലിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾ പങ്കെടുത്ത സെറാമിക് ആർട്ട് വർക്ക്‌ഷോപ്പുകളിൽ നിർമ്മിച്ച മൺ അലങ്കാരങ്ങളാണ് മരത്തിൽ ഇടംപിടിക്കുക. 'ദ വേൾഡ് ഐ വുഡ് ലൈക്ക്' എന്ന സംരംഭത്തിന്റെ ഭാഗമായാണ് കുട്ടികളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പ്രതിഫലിപ്പിക്കുന്ന അലങ്കാരങ്ങൾ ഒരുക്കുന്നത്.

 

ഡിസംബർ ഏഴിന് വൈകിട്ട് 5.30നാണ് ക്രിസ്മസ് ട്രീയിലെ ദീപങ്ങൾ തെളിയിക്കുന്ന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഇറ്റലിയിലെ വിവിധ ആശുപത്രികളിലെ കാൻസർ ചികിത്സാ വിഭാഗങ്ങളിൽ കഴിയുന്ന കുട്ടികളാണ് ദീപങ്ങൾ തെളിയിക്കുക. ചരിത്രത്തിലാദ്യമായി ഇറ്റലിയിലെ ഗുബ്ബിയോ നഗരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയുടെ പ്രകാശനവും ഇതേ സമയത്ത് നടക്കും. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ക്രമീകരണം.

 

ക്രിസ്മസ് ട്രീക്ക് പുറമെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നിൽ തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരമായ പുൽക്കൂടും ഒരുങ്ങുന്നുണ്ട്. 'ദ ഗ്രേറ്റ് മിസ്റ്ററി' എന്ന് പേരിട്ടിരിക്കുന്ന പുൽക്കൂടിൽ യേശുവിന്റെ ജനനകാലത്തെ ബെത്‌ലഹേമിന്റെ അന്തരീക്ഷം പുനഃസൃഷ്ടിക്കാനാണ് ശ്രമം. ഇറ്റലിയിലെ ചിയേറ്റി-വാസ്റ്റോ അതിരൂപതയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഈ പുൽക്കൂടിന്റെ നിർമ്മാണത്തിൽ തടവുകാരും പങ്കാളികളായിട്ടുണ്ട്.

 

ക്രിസ്മസ് ആഘോഷങ്ങൾ അവസാനിച്ചശേഷം മരത്തിന്റെ തടികൾ സാമൂഹികവും കലാപരവും ആരാധനാപരവുമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും വത്തിക്കാൻ അറിയിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും പുനരുപയോഗത്തിനും പ്രാധാന്യം നൽകുന്ന 'ലൗദാത്തോ സി' ചാക്രികലേഖനത്തിന്റെ ആശയങ്ങളുമായി ചേർന്നാണ് ഈ നടപടി.

 

ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ട് വത്തിക്കാൻ ഒരുങ്ങുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകരുടെയും സന്ദർശകരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് സെന്റ് പീറ്റേഴ്‌സ് ചത്വരം.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .