പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ മേഖലയിൽ വീണ്ടും സൈനിക ഏറ്റുമുട്ടലുകൾ ശക്തമാവുകയാണ്. ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രത്തിന് നേരെ യുഎസ് നടത്തിയ പുതിയ വ്യോമാക്രമണവും ഗൾഫ് രാജ്യങ്ങളിലെ തുടർച്ചയായ ഡ്രോൺ ഭീഷണികളുമാണ് ആശങ്ക വർധിപ്പിക്കുന്നത്.
ഇറാന്റെ തെക്കൻ തീരത്തുള്ള ഖേഷം ദ്വീപിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) മിസൈൽ വിക്ഷേപണ കേന്ദ്രമാണ് യുഎസ് യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടത്. ചൊവ്വാഴ്ച അത്യാധുനിക ബോംബുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. മേഖലയിലെ അമേരിക്കൻ സൈനികർക്കും സൈനിക സംവിധാനങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് നടപടിയെ യുഎസ് സെൻട്രൽ കമാൻഡ് വിശേഷിപ്പിച്ചത്. അതേസമയം, ജനവാസമില്ലാത്ത പ്രദേശങ്ങളിലാണ് ആക്രമണം നടന്നതെന്നും സാധാരണക്കാർക്കോ അടിസ്ഥാന സൗകര്യങ്ങൾക്കോ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളുടെ അവകാശവാദം.
അതിനിടെ, ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലും സുരക്ഷാ ഭീഷണി വർധിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോൺ ആക്രമണശ്രമമുണ്ടാകുന്നത്. ഷെയ്ഖ് ഈസ വ്യോമതാവളത്തിലെ യുഎസ് റഡാർ സംവിധാനത്തെ ലക്ഷ്യമിട്ട് ഡ്രോണുകൾ അയച്ചതായി ഐആർജിസി അവകാശപ്പെട്ടു. എന്നാൽ ആക്രമണത്തിന് ശ്രമിച്ച ഡ്രോണുകളെല്ലാം ആകാശത്തുവച്ച് തകർത്തതായും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും യുഎസും ബഹ്റൈനും അറിയിച്ചു. കുവൈത്തിന് നേരെയുണ്ടായ മറ്റൊരു ഡ്രോൺ ആക്രമണശ്രമവും വ്യോമപ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കമാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണം. ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കുന്നതിനും കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യ, എണ്ണക്കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്നതിനുമായി മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ വ്യൂഹത്തെയും യുഎസ് മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ സാമ്പത്തികവും സൈനികവുമായ ശേഷി ദുർബലപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. ഇതോടെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സാഹചര്യം കൂടുതൽ സങ്കീർണമായി.
സൈനിക നീക്കങ്ങൾ ശക്തമാകുമ്പോഴും നയതന്ത്ര ചർച്ചകളിൽ പുരോഗതിയില്ല. നാവിക ഉപരോധം പിൻവലിക്കാൻ യുഎസ് തയാറാകാത്തതും ആണവ പദ്ധതികളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ സമ്മതിക്കാത്തതുമാണ് പ്രതിസന്ധി തുടരാൻ കാരണം. ഇതിനിടെ, വാഷിങ്ടനിൽ റേഡിയോ ആക്ടീവ് വസ്തുക്കൾ ഉപയോഗിച്ചുള്ള 'ഡേർട്ടി ബോംബ്' ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നതായുള്ള മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ഇത്തരം ആരോപണങ്ങൾ ഇറാൻ നിഷേധിച്ചിട്ടുണ്ട്.
ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പും അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളും പ്രതിസന്ധിക്ക് കൂടുതൽ സങ്കീർണത സൃഷ്ടിക്കുന്നുണ്ട്. ദീർഘകാലം സൈനിക വിന്യാസം തുടരുന്നത് അമേരിക്കയ്ക്ക് സാമ്പത്തികമായും സൈനികമായും വലിയ ബാധ്യതയാകുമെന്ന വിലയിരുത്തലുകളും ഉയരുന്നു. ഖേഷം ദ്വീപിലെ ആക്രമണത്തെ പ്രതിരോധ നടപടിയായി ചിത്രീകരിക്കുമ്പോഴും ബഹ്റൈനിലും കുവൈത്തിലും തുടരുന്ന ഡ്രോൺ ഭീഷണികളും ഹോർമുസിലെ നാവിക ഉപരോധവും പശ്ചിമേഷ്യയെ മറ്റൊരു വലിയ യുദ്ധത്തിലേക്ക് നയിക്കുമോയെന്ന ആശങ്ക ശക്തമാക്കുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .