യുഎസിന്റെ ഭാഗത്തുനിന്ന് വീണ്ടും ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാൻ റവലൂഷനറി ഗാർഡ്. പുതിയ ആയുധങ്ങൾ ഉപയോഗിച്ച് തിരിച്ചടിക്കാൻ ഇറാൻ തയ്യാറായിക്കഴിഞ്ഞെന്നാണ് അവകാശവാദം. പ്രത്യാക്രമണത്തിന്റെ രീതിയിലും മാറ്റമുണ്ടാകുമെന്നും, ഇതുവരെ ഒഴിവാക്കിയിരുന്ന മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്നും റവലൂഷനറി ഗാർഡ് വ്യക്തമാക്കി. ദീർഘകാല യുദ്ധത്തിനും ഇറാൻ തയ്യാറാണെന്നും അവകാശപ്പെട്ടു.
അതിനിടെ, സൗദി–യെമൻ അതിർത്തിയിൽ ഇന്നലെ കാര്യമായ ആക്രമണങ്ങളൊന്നും ഉണ്ടായില്ല. ഹൂതി മേഖലകളിൽ സൗദി സഖ്യസേനയുടെ തിരിച്ചടിയും ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെ സൗദിയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് യുഎസും യുകെയും മുന്നറിയിപ്പ് നൽകി. തായിഫിലേക്കും യാൻബുവിലേക്കും ഔദ്യോഗിക ആവശ്യങ്ങൾക്കായി പോകുന്ന യുഎസ് പൗരന്മാർ മുൻകൂർ അനുമതി നേടണം. യുകെ പൗരന്മാർക്ക് സൗദിയിലേക്കുള്ള പൊതുയാത്രാ നിയന്ത്രണങ്ങൾക്ക് പുറമെ അബ്ഹ, ഖമീസ് മുഷൈത്ത് മേഖലകളിലേക്കുള്ള യാത്രയ്ക്കും വിലക്കുണ്ട്.
ഹോർമുസിൽ യുകെ പതാകയുള്ള ടാങ്കറിന് നേരെയും വ്യോമാക്രമണമുണ്ടായി. രണ്ട് പേർക്ക് പരുക്കേറ്റെങ്കിലും പരുക്ക് ഗുരുതരമല്ലെന്ന് യുകെ മാരിടൈം ഏജൻസി അറിയിച്ചു. ആക്രമണത്തിന് ശേഷവും കപ്പൽ യാത്ര തുടർന്നു.
ഇറാഖിലെ എർബിൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപവും ശക്തമായ സ്ഫോടനമുണ്ടായി. യുഎസ് സേന ക്യാംപ് ചെയ്യുന്ന ഖുർദ് മേഖലയിലെ വിമാനത്താവളത്തിന് സമീപമാണ് സ്ഫോടനം. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.
അതേസമയം, ഖത്തർ എനർജിയുടെ നോർത്ത് ഫീൽഡ് ഈസ്റ്റ് പ്രകൃതിവാതക ഉൽപാദന വികസന പദ്ധതിയുടെ ആദ്യഘട്ട ഉൽപാദനം അടുത്ത വർഷം പകുതിയോടെ ആരംഭിക്കുമെന്ന് ഖത്തർ ഊർജ മന്ത്രി സാദ് അൽ കാബി അറിയിച്ചു. പദ്ധതിയുടെ തുടർഘട്ടങ്ങൾ ആരംഭിക്കുന്നത് ഹോർമുസ് തുറക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ്–ഇറാൻ യുദ്ധം രൂക്ഷമായ ഘട്ടത്തിൽ നോർത്ത് ഫീൽഡ് ഈസ്റ്റ് പദ്ധതിയിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് പോലും ഖത്തർ ആലോചിച്ചിരുന്നതായി അൽ കാബി പറഞ്ഞു. ഹോർമുസ് അടഞ്ഞുകിടക്കുന്നതിനാൽ പദ്ധതിക്ക് ആവശ്യമായ പല ഉപകരണങ്ങളും ഇപ്പോഴും ഖത്തറിൽ എത്തിക്കാനായിട്ടില്ല. റാസ് ലഫാൻ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് നോർത്ത് ഫീൽഡ് ഈസ്റ്റിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഖത്തർ തീരുമാനിച്ചത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .