Loading time...
Global

ഹിജാബ് ധരിക്കാതെ സംഗീതപരിപാടി; ഇറാനിയൻ ഗായികയ്ക്ക് 74 ചാട്ടവാറടി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 24 Nov 2026, 7:05 am
Updated on: 24 Nov 2026, 7:05 am
Share:
Follow Us: YouTube
Feature Image

നിർബന്ധിത ഹിജാബ് ധരിക്കാതെ സംഗീതപരിപാടി അവതരിപ്പിച്ചതിന് ഇറാനിയൻ ഗായിക പരസ്തു അഹമ്മദിക്കും സംഘത്തിലെ മറ്റ് നാല് പേർക്കും 74 ചാട്ടവാറടി വീതം ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. ഓൺലൈനിലൂടെ അശ്ലീല ഉള്ളടക്കം സൃഷ്ടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത് സമൂഹത്തിലെ മാന്യതയും ധാർമികതയും ലംഘിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവർക്ക് ശിക്ഷ വിധിച്ചതെന്നാണ് റിപ്പോർട്ട്.

 

ചാട്ടവാറടിയ്ക്ക് പുറമെ, രണ്ട് വർഷത്തേക്ക് സംഗീത-കലാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും വിദേശയാത്ര നടത്തുന്നതിനും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2024 ഡിസംബറിലായിരുന്നു വിവാദത്തിനിടയാക്കിയ സംഗീതപരിപാടി. ടെഹ്‌റാന് തെക്കുള്ള ഖോം നഗരത്തിൽ പുരുഷ സംഗീതജ്ഞർക്കൊപ്പം ഹിജാബ് ധരിക്കാതെ പരസ്തു അഹമ്മദി സംഗീതപരിപാടി അവതരിപ്പിക്കുകയായിരുന്നു. കാണികളില്ലാതെ റെക്കോർഡ് ചെയ്ത ഈ പരിപാടിയുടെ ദൃശ്യങ്ങൾ യൂട്യൂബിൽ പങ്കുവെച്ചതോടെ ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

 

ഗായികയ്ക്കും സംഘാംഗങ്ങൾക്കുമെതിരായ ശിക്ഷയ്ക്കെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ചാട്ടവാറടി ക്രൂരമായ ശിക്ഷയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് പാശ്ചാത്യ രാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും വിമർശിച്ചു. എന്നാൽ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. പകരം, സ്വന്തം രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാശ്ചാത്യ രാജ്യങ്ങളോട് ഇറാന്റെ പ്രതികരണം. ഇറാനിൽ സ്ത്രീകൾക്ക് പൊതുവേദികളിൽ പാടുന്നതിനും നിർബന്ധിത ഹിജാബ് നിയമം ലംഘിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.