Loading time...
Global

ഹോർമൂസ് പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് ട്രംപ്; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാനും. പശ്ചിമേഷ്യയിൽ സംഭവിക്കുന്നത് എന്ത്?

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Sep 2026, 5:32 am
Updated on: 21 Sep 2026, 5:32 am
Share:
Follow Us: YouTube
Feature Image

സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതകൾക്കിടെ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് ശക്തമാകുന്നു. ഇറാൻ നിലവിലെ നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

 

ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യങ്ങളും നിബന്ധനകളും മധ്യസ്ഥർ വഴി അമേരിക്കയെ അറിയിച്ചതായി ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്.

 

അതേസമയം, യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നതിനായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ന്യൂയോർക്കിലെത്താനിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം ഉന്നതതല പ്രതിനിധി സംഘം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്യുന്നത്. ന്യൂയോർക്ക് സന്ദർശനത്തിനിടെ അമേരിക്കയുമായി ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന സൂചനകളും നിലനിൽക്കുന്നുണ്ട്. ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്താനുള്ള സാധ്യത ട്രംപ് പൂർണമായും തള്ളിയിട്ടില്ല.

 

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഖത്തർ വഴി അമേരിക്കയ്ക്ക് ഏഴ് നിബന്ധനകൾ കൈമാറിയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് ഞായറാഴ്ച അറിയിച്ചു. ഖത്തർ വഴി ആവശ്യങ്ങൾ അമേരിക്കയെ അറിയിച്ചതായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ മൊഹ്സെൻ റെസായിയും വ്യക്തമാക്കിയിട്ടുണ്ട്.

 

എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച പണം വിട്ടുനൽകുക, നാവിക ഉപരോധം നീക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചതെന്നാണ് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്.

 

ഇതിനിടെ അമേരിക്കയുടെ ഭാഗത്ത് നിന്ന് പുതിയ സൈനിക നീക്കത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ഇറാന്റെ കേന്ദ്ര സൈനിക കമാൻഡ് അറിയിച്ചത്. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെയും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

 

അമേരിക്ക പുതിയ ആക്രമണ പരമ്പരയ്ക്ക് ശ്രമിച്ചാൽ നിയന്ത്രണമില്ലാത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അതേസമയം, ഇറാനെ പൂർണമായി തകർക്കുക, രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുക, അല്ലെങ്കിൽ കരാറിലെത്തുക എന്നിങ്ങനെ യുദ്ധവുമായി ബന്ധപ്പെട്ട് മൂന്ന് സാധ്യതകളാണ് നിലവിലുള്ളതെന്ന് ട്രംപ് പറഞ്ഞു.

 

സംഘർഷം കൂടുതൽ വ്യാപിക്കുന്നത് ഒഴിവാക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽ താനിയും ആവശ്യപ്പെട്ടു. ഗൾഫ് മേഖലയ്ക്ക് രാജ്യങ്ങളുടെ പരമാധികാരം മാനിക്കുന്ന ഒരു ചട്ടക്കൂട് ആവശ്യമാണെന്നും ഒരു രാജ്യവും മറ്റൊരു രാജ്യത്തിന് ഭീഷണിയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതിനിടെ, ഹൂതികളും സൗദി പിന്തുണയുള്ള സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. യെമനിലെ അൽ-ജൗഫ് പ്രവിശ്യയിൽ നടന്ന സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .