കാലടി സർവകലാശാലയിലെ പരീക്ഷാ വിവാദത്തിൽ ഹാജർ നിലയില്ലെന്ന സർവകലാശാലയുടെ വാദം തള്ളി വിദ്യാർഥികൾ. പരീക്ഷ എഴുതേണ്ട എല്ലാ വിദ്യാർഥികൾക്കും സസ്പെൻഷന് മുൻപ് 60 ശതമാനം വരെ ഹാജരുണ്ടായിരുന്നുവെന്നും ബാക്കിയുള്ള 15 ശതമാനം ഹാജർ ഇളവ് മാപ്പപേക്ഷയിലൂടെ നേടാമായിരുന്നുവെന്നും വിദ്യാർഥികൾ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ സസ്പെൻഷനെ തുടർന്ന് കോളജിൽ പ്രവേശിക്കാൻ കഴിയാതിരുന്നതിനാൽ മാപ്പപേക്ഷ സമർപ്പിക്കാനായില്ലെന്നാണ് ഇവരുടെ വിശദീകരണം. ഇതുസംബന്ധിച്ച് നിലവിലുള്ള റിട്ട് ഹർജിയിൽ വിദ്യാർഥികൾ അധിക സത്യവാങ്മൂലം സമർപ്പിച്ചു.
ഹർജി ഇന്ന് തന്നെ കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനാണ് നീക്കം. നാടകം അവതരിപ്പിച്ചതിന്റെ പേരിലാണ് തങ്ങൾക്കെതിരെ കേസെടുത്തതെന്നും ഒരേ വിഷയത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത് അസാധാരണ നടപടിയാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. മനഃപൂർവം ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാമത്തെ കേസ് നൽകിയതെന്നും ഈ വാദങ്ങൾ കൂടി പരിഗണിക്കണമെന്നുമാണ് സിംഗിൾ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച ഹർജിയിലെ ആവശ്യം.
അച്ചടക്ക നടപടികൾക്ക് മുന്നോടിയായാണ് സസ്പെൻഷൻ ഏർപ്പെടുത്തിയതെന്നും ദീർഘകാലം സസ്പെൻഷനിൽ തുടരാൻ നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്നും വിദ്യാർഥികൾ വാദിക്കുന്നു. സസ്പെൻഷൻ മൂലമാണ് ഹാജർ കുറഞ്ഞതെന്നും സർവകലാശാല മനഃപൂർവം ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതാണെന്നും വിദ്യാർഥികൾക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ് നേരത്തെ സുപ്രീംകോടതിയിലും വാദിച്ചിരുന്നു.
കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശിച്ചിരുന്നു. സർവകലാശാലകളിൽ പാലിക്കേണ്ട അച്ചടക്കത്തിന് പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം, ഹാജർ നില കോടതി പരിശോധിക്കണമെന്ന് സർവകലാശാല ആവശ്യപ്പെട്ടു. കോടതി ഉത്തരവ് വിദ്യാർഥികൾക്ക് അനുകൂലമായാൽ പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്നും സർവകലാശാല അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിക്കാത്തതിനെ തുടർന്നാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്സുകളിൽ നിന്നും എടുത്തതാണ് .