ബ്രിട്ടന്റെ ഭരണഘടനാ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ ദേശീയവാദ പാർട്ടി നേതാക്കൾ സ്വയംനിർണയ അവകാശം പ്രഖ്യാപിച്ച് കാർഡിഫിൽ സംയുക്ത ധാരണയിലെത്തി. സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ ജോൺ സ്വിന്നി, സിൻ ഫെയ്നിന്റെ മിഷേൽ ഒ'നീൽ, പ്ലെയ്ഡ് കംറിയുടെ റുൻ അപ് ഇയോർവെത്ത് എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഇവർ സർക്കാരുകളുടെ പ്രതിനിധികളായല്ല, പാർട്ടി നേതാക്കളായാണ് എത്തിയത്.
യുകെയിൽ നിന്ന് കൂടുതൽ സ്വയംഭരണവും ഒടുവിൽ സ്വാതന്ത്ര്യവുമാണ് മൂന്ന് പാർട്ടികളുടെയും ലക്ഷ്യം. സ്വന്തം ഭാവി തീരുമാനിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ വെസ്റ്റ്മിൻസ്റ്റർ തടയരുതെന്നും സംയുക്ത ധാരണയിൽ പറയുന്നു. ഈ പ്രദേശങ്ങളുടെ ഭാവി യൂറോപ്യൻ യൂണിയനിലാണെന്നും ഭരണഘടനാ മാറ്റം വരികയാണെന്നും നേതാക്കൾ നിലപാടെടുത്തു. പുനരുപയോഗ ഊർജം, യൂറോപ്പുമായുള്ള ബന്ധം, സാമ്പത്തിക വികസനം തുടങ്ങിയ വിഷയങ്ങളിലും ഒരുമിച്ച് നിലപാടെടുക്കുന്നത് ചർച്ചയായി.
അതേസമയം, സ്വാതന്ത്ര്യ ഹിതപരിശോധനയുടെ കാര്യത്തിൽ മൂന്ന് പാർട്ടികൾക്കും ഒരേ നിലപാടല്ല. 2014ൽ സ്കോട്ട്ലൻഡിൽ നടന്ന ഹിതപരിശോധനയിൽ 55 ശതമാനം പേർ യുകെയിൽ തുടരാനാണ് വോട്ട് ചെയ്തത്. വെയിൽസിന് സ്വന്തമായി ഹിതപരിശോധന നടത്താനുള്ള നിയമപരമായ സംവിധാനം നിലവിലില്ല. വടക്കൻ അയർലൻഡിൽ 1998ലെ ഗുഡ് ഫ്രൈഡേ കരാർ പ്രകാരം, ഭൂരിപക്ഷം പേർ ഐക്യ അയർലൻഡിനെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ വിലയിരുത്തിയാൽ ഹിതപരിശോധന നടത്തണം.
യുകെ പ്രധാനമന്ത്രി ആൻഡി ബേൺഹാം വടക്കൻ അയർലൻഡ് യുകെയിൽ നിന്ന് വിട്ടുപോകുന്നതിനെക്കുറിച്ചുള്ള ഹിതപരിശോധന ഇപ്പോൾ പരിഗണനയിലില്ലെന്നും സ്കോട്ടിഷ് സ്വാതന്ത്ര്യത്തിനായുള്ള മറ്റൊരു ഹിതപരിശോധനയും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, അയർലൻഡ് ഐക്യപ്പെടുന്നത് നല്ല കാര്യമാകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശവും ചർച്ചയായിട്ടുണ്ട്.
പുതിയ സർവേകളിൽ സ്കോട്ടിഷ് സ്വാതന്ത്ര്യത്തിന് 47 ശതമാനവും വടക്കൻ അയർലൻഡ് ഐക്യത്തിന് 36 ശതമാനവും വെയിൽസ് സ്വാതന്ത്ര്യത്തിന് 32 ശതമാനവും പിന്തുണ രേഖപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്. എന്നാൽ മൂന്ന് പ്രദേശങ്ങളുടെയും രാഷ്ട്രീയ സാഹചര്യങ്ങൾ തമ്മിൽ വ്യത്യാസമുണ്ടെന്നും കാർഡിഫ് സർവകലാശാലയിലെ ലോറ മക്അലിസ്റ്റർ ചൂണ്ടിക്കാട്ടുന്നു.
യുകെയിൽ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നീ നാല് ഘടക രാജ്യങ്ങളാണുള്ളത്. പ്രതിരോധവും വിദേശകാര്യവും ഉൾപ്പെടെയുള്ള പ്രധാന അധികാരങ്ങൾ ലണ്ടനിലാണ്. ഈ രാജ്യങ്ങൾക്കൊന്നും ഏകപക്ഷീയമായി യുകെയിൽ നിന്ന് പുറത്തുപോകാനുള്ള അവകാശമില്ല.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .