15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ ഭക്ഷിക്കുകയും ചെയ്തെന്ന ഗുരുതര ആരോപണം നേരിടുന്നയാൾ ഉഗാണ്ടയിൽ അറസ്റ്റിലായി. മുജുരിസി മോസസ് എന്നയാളെയാണ് സുരക്ഷാസേന പിടികൂടിയതെന്ന് ഉഗാണ്ടൻ സൈനിക മേധാവി ജനറൽ മുവൂസി കൈനറുഗാബ അറിയിച്ചത്.
2010 മുതൽ 2025 വരെയുള്ള കാലയളവിൽ മസാക്ക, ഇബാണ്ട, കാസോ ജില്ലകളിലായി ഇയാൾ കൊലപാതകങ്ങൾ നടത്തിയെന്നാണ് ആരോപണം. തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് സൈനിക മേധാവി അറസ്റ്റിന്റെ വിവരം പുറത്തുവിട്ടത്. ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയൽ കൊലയാളികളിൽ ഒരാളാണ് ഇയാളെന്നും അദ്ദേഹം ആരോപിച്ചു.
കുടുംബങ്ങളെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്തുന്നതുൾപ്പെടെയുള്ള രീതികളാണ് ഇയാൾ സ്വീകരിച്ചതെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ. നേരത്തെയും ഇയാൾക്കെതിരെ കൊലപാതക ആരോപണങ്ങൾ ഉയർന്നിരുന്നതായും മുമ്പ് പലതവണ പിടിയിലായിട്ടും രക്ഷപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, 38 പേരുടെ കൊലപാതകത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ കോടതിയിൽ തെളിയിക്കേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്. പ്രതിയെ പരസ്യവിചാരണയ്ക്ക് വിധേയനാക്കുമെന്നും വധശിക്ഷ നടപ്പാക്കുമെന്നും സൈനിക മേധാവി പ്രസ്താവിച്ചതായും റിപ്പോർട്ടുകളുണ്ട്.