Loading time...
Global

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം; 7.5 ലക്ഷം ദിർഹം വരെ പിഴ!

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 11 Nov 2026, 6:13 am
Updated on: 11 Nov 2026, 6:13 am
Share:
Follow Us: YouTube
Feature Image

യുഎഇയിൽ പ്രവർത്തിക്കുന്ന മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ. നിയമങ്ങൾ ലംഘിച്ചാൽ ഏഴര ലക്ഷം ദിർഹം വരെ പിഴ ചുമത്താവുന്ന തരത്തിലാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ആരാധനാലയങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനും അധികൃതർക്ക് അധികാരമുണ്ടാകും. ആകെ 24 തരത്തിലുള്ള നിയമലംഘനങ്ങളാണ് പുതിയ ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2026 ഒക്ടോബർ പകുതിയോടെയാണ് പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നത്.

 

യുഎഇക്ക് പുറത്തുനിന്നുള്ള വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ അനുമതിയില്ലാതെ സംഭാവനകളും സാമ്പത്തിക സഹായങ്ങളും സ്വീകരിക്കുന്നതാണ് പ്രധാനമായും നിയന്ത്രിച്ചിട്ടുള്ളത്. ആദ്യ തവണ നിയമലംഘനം നടത്തിയാൽ ഒരു ലക്ഷം ദിർഹമാണ് പിഴ. രണ്ടാമത്തെ തവണ ഇത് രണ്ടര ലക്ഷം ദിർഹമായും മൂന്നാമത്തെ തവണ അഞ്ച് ലക്ഷം ദിർഹമായും ഉയരും. അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ യുഎഇക്ക് പുറത്തേക്ക് പണം അയക്കുന്നതിനും പിഴയുണ്ട്.

 

സമൂഹമാധ്യമങ്ങൾ വഴിയോ മറ്റ് മാധ്യമങ്ങൾ വഴിയോ അനുമതിയില്ലാതെ സംഭാവനകൾ ശേഖരിക്കുന്നതും പരസ്യം ചെയ്യുന്നതും നിയമലംഘനമാണ്. ഇതിന് ആദ്യ തവണ ഒരു ലക്ഷം ദിർഹവും, ആവർത്തിച്ചാൽ രണ്ടര ലക്ഷം, അഞ്ച് ലക്ഷം ദിർഹം എന്നിങ്ങനെയുമാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ ആരാധനാലയങ്ങളുമായോ സംഘടനകളുമായോ അനുമതിയില്ലാതെ ബന്ധം സ്ഥാപിക്കുക, യോഗങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുക, വിദേശ രാജ്യങ്ങളിലെ ഔദ്യോഗിക-നയതന്ത്ര സ്ഥാപനങ്ങളുമായി ബന്ധം പുലർത്തുക തുടങ്ങിയ കാര്യങ്ങൾക്കും കടുത്ത പിഴയുണ്ടാകും. ഇത്തരം ചില നിയമലംഘനങ്ങൾക്ക് മൂന്നാം തവണ ഏഴര ലക്ഷം ദിർഹം വരെ പിഴ ചുമത്താം.

 

ആരാധനാലയങ്ങൾക്ക് അനുവദിച്ചിട്ടുള്ള കെട്ടിടത്തിന് പുറത്തുവെച്ച് മതപരമായ ചടങ്ങുകൾ നടത്തുന്നതിനും നിയന്ത്രണമുണ്ട്. സ്ഥാപനത്തിന് ലഭിച്ച ലൈസൻസിൽ വ്യക്തമാക്കിയിട്ടുള്ള ആവശ്യങ്ങൾക്കല്ലാതെ കെട്ടിടം ഉപയോഗിച്ചാലും നടപടിയുണ്ടാകും. ഇത്തരം ലംഘനങ്ങൾക്ക് ഒരു ലക്ഷം മുതൽ നാല് ലക്ഷം ദിർഹം വരെ പിഴ ചുമത്താം. ആരാധനാ ചടങ്ങുകൾ മറ്റുള്ളവരുടെ ആരോഗ്യത്തിനോ സുരക്ഷയ്ക്കോ ഭീഷണിയാകുന്ന സാഹചര്യമുണ്ടായാൽ ആദ്യ തവണ തന്നെ ഒരു ലക്ഷം ദിർഹം പിഴ ലഭിക്കാം.

 

ലൈസൻസ് കൃത്യസമയത്ത് പുതുക്കാതിരിക്കുക, ആവശ്യമായ സൂപ്പർവൈസറെ നിയമിക്കാതിരിക്കുക, സാമ്പത്തിക ഇടപാടുകൾക്ക് യുഎഇയിലെ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ട് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകൾക്കും നടപടിയുണ്ട്. ഓരോ നിയമലംഘനത്തിന്റെയും സ്വഭാവമനുസരിച്ച് മുന്നറിയിപ്പും പിഴയും നൽകും. തുടർച്ചയായി നിയമങ്ങൾ ലംഘിക്കുന്ന ആരാധനാലയങ്ങളുടെ പ്രവർത്തനം മൂന്ന് മാസം വരെ താൽക്കാലികമായി നിർത്തിവെക്കാനും വ്യവസ്ഥയുണ്ട്.

 

അതേസമയം, അധികൃതർ ചുമത്തുന്ന പിഴയിലോ മറ്റ് നടപടികളിലോ പരാതിയുള്ള ആരാധനാലയങ്ങൾക്ക് അപ്പീൽ നൽകാൻ അവസരമുണ്ട്. നടപടി സംബന്ധിച്ച അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി സമർപ്പിക്കണം. യുഎഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങളിൽ സാമ്പത്തിക സുതാര്യതയും നിയമപരമായ നിയന്ത്രണവും ഉറപ്പാക്കുകയാണ് പുതിയ ചട്ടങ്ങളിലൂടെ ലക്ഷ്യമിടുന്നത്.