Loading time...
Global

യുഎഇ വ്യോമയാന മേഖലയിൽ ചരിത്രനേട്ടം; ആദ്യ എമിറാത്തി വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 29 Aug 2026, 12:11 pm
Updated on: 29 Aug 2026, 12:11 pm
Share:
Follow Us: YouTube
Feature Image

യുഎഇ വ്യോമയാന മേഖലയിൽ പുതിയ ചരിത്രനേട്ടവുമായി ഇത്തിഹാദ് എയർവേയ്‌സിന്റെ കാപ്റ്റൻ ഹുദ അൽ മുസല്ലമി. രാജ്യത്തെ ആദ്യത്തെ എമിറാത്തി വനിതാ ട്രെയിനിങ് ക്യാപ്റ്റനെന്ന നേട്ടമാണ് ഹുദ സ്വന്തമാക്കിയത്. യുഎഇ വനിതാ ദിനത്തോടനുബന്ധിച്ചാണ് ഇത്തിഹാദ് എയർവേയ്‌സ് ഈ അഭിമാന നേട്ടം പ്രഖ്യാപിച്ചത്.

 

പൈലറ്റുമാർക്ക് അത്യാധുനിക പരിശീലനം നൽകുന്നതിനും അവരെ ഉയർന്ന സുരക്ഷാ നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ചുമതലയുള്ള സ്ഥാനത്തെത്തുന്ന ആദ്യ എമിറാത്തി വനിതയാണ് ഹുദ അൽ മുസല്ലമി. 2003ലാണ് ഹുദ വ്യോമയാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് 2014ൽ ഇത്തിഹാദ് എയർവേയ്‌സിന്റെ ഭാഗമായി. ഫസ്റ്റ് ഓഫീസറായാണ് ഹുദ കരിയർ ആരംഭിച്ചത്. 2023ൽ ക്യാപ്റ്റനായി ഉയർന്ന അവർ, 2026ൽ ടൈപ്പ് റേറ്റിങ് ഇൻസ്ട്രക്ടർ എന്ന നിലയിലും യോഗ്യത നേടി.

 

നിലവിൽ ബോയിങ് 787 വിമാനങ്ങളിൽ ടൈപ്പ് റേറ്റിങ് ഉള്ള ഹുദയ്ക്ക് 10,000 മണിക്കൂറിലേറെ വിമാനം പറത്തിയ പ്രവൃത്തിപരിചയമുണ്ട്. എയർബസ് എ330, എ340, ബോയിങ് 777 തുടങ്ങിയ കൂറ്റൻ വിമാനങ്ങളും ഹുദ മുൻപ് പറത്തിയിട്ടുണ്ട്. വ്യോമയാന മാനേജ്മെന്റിൽ ബിരുദവും ബിസിനസ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ ബിരുദാനന്തര ബിരുദവും ഹുദ നേടിയിട്ടുണ്ട്.

 

ഈ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ഹുദ അൽ മുസല്ലമി പറഞ്ഞു. ആദ്യമായി ഒരു വഴി തിരഞ്ഞെടുക്കുമ്പോൾ സ്വന്തം ലക്ഷ്യബോധത്തോടെ മുന്നേറാൻ പഠിക്കണമെന്നാണ് ഹുദയുടെ വാക്കുകൾ. ആദ്യത്തെ ആളാവുക എന്നത് ഒരു പദവിയെ മാത്രം സൂചിപ്പിക്കുന്നതല്ലെന്നും, തനിക്ക് ശേഷം കൂടുതൽ എമിറാത്തി വനിതകൾക്ക് വ്യോമയാന രംഗത്തേക്ക് കടന്നുവരാനും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാനുമുള്ള വഴിതുറക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഹുദ വ്യക്തമാക്കി. ഹുദയുടെ ഈ നേട്ടം കഴിവുറ്റ എമിറാത്തി വനിതകൾക്ക് പുതിയ അവസരങ്ങൾ തുറന്നുനൽകുന്നതാണെന്ന് ഇത്തിഹാദ് എയർവേയ്‌സിന്റെ ചീഫ് പീപ്പിൾ, ഗവൺമെന്റ് ആൻഡ് കോർപറേറ്റ് അഫയേഴ്‌സ് ഓഫിസർ ഡോ. നാദിയ ബസ്തക്കി പറഞ്ഞു.

 

ഇത്തിഹാദ് എയർവേയ്‌സിലെ ആകെ എമിറാത്തി ജീവനക്കാരിൽ 75 ശതമാനവും വനിതകളാണ്. കോക്‌പിറ്റിൽ തുടങ്ങി ഭരണനേതൃത്വത്തിൽ വരെ വനിതകളുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും വരും തലമുറയ്ക്കായി കൂടുതൽ നിക്ഷേപം നടത്തുന്നത് തുടരുമെന്നും ഇത്തിഹാദ് അധികൃതർ വ്യക്തമാക്കി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .