Loading time...
Global

ട്രംപിന് തിരിച്ചടി; ഇന്ത്യൻ വിപണിയിൽ വൻ കുതിപ്പ്, സെൻസെക്സിന് വൻ നേട്ടം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 5 Nov 2026, 9:47 am
Updated on: 5 Nov 2026, 9:50 am
Share:
Follow Us: YouTube
Feature Image

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ തിരിച്ചടി ഇന്ത്യൻ ഓഹരി വിപണിക്ക് ആവേശമായി. തുടർച്ചയായ ആറാം ദിവസവും നേട്ടം രേഖപ്പെടുത്തിയ വിപണി വ്യാഴാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. സെൻസെക്സ് 1,600 പോയിന്റിലേറെ ഉയർന്നപ്പോൾ നിഫ്റ്റിയും 24,400 നിലവാരത്തിനടുത്തെത്തി. 

 

യുഎസ് കോൺഗ്രസിന്റെ ഇരുസഭകളിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയതാണ് ആഗോള വിപണികളിൽ പ്രതിഫലിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കേറ്റ രാഷ്ട്രീയ തിരിച്ചടി ആഗോള വ്യാപാര തർക്കങ്ങൾക്കും പശ്ചിമേഷ്യൻ സംഘർഷത്തിനും അയവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. അമേരിക്കയും ഇസ്രയേലും ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുമെന്ന കണക്കുകൂട്ടലും വിപണിക്ക് കരുത്തേകി.

 

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടായ ഇടിവാണ് ഇന്ത്യൻ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് മറ്റൊരു പ്രധാന കാരണം. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 93.50 ഡോളറിലേക്ക് താഴ്ന്നു. തൊട്ടുമുമ്പത്തെ വ്യാപാരദിനത്തിൽ എണ്ണവിലയിൽ 8.7 ശതമാനത്തിന്റെ ഇടിവുണ്ടായിരുന്നു. ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ക്രൂഡോയിൽ വില കുറയുന്നത് വലിയ ആശ്വാസമാണ്. ഇത് പണപ്പെരുപ്പ സമ്മർദം കുറയ്ക്കാനും രാജ്യത്തിന്റെ ഇറക്കുമതി ചെലവ് നിയന്ത്രിക്കാനും സഹായിക്കുമെന്ന പ്രതീക്ഷയും നിക്ഷേപകരിലുണ്ട്.

 

വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും വിപണിയുടെ കുതിപ്പിന് സഹായകമായി. ബുധനാഴ്ച മാത്രം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികളിൽ 7,284 കോടി രൂപയുടെ നിക്ഷേപം നടത്തി. തുടർച്ചയായ നാലാം ദിവസമാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ അറ്റനിക്ഷേപം നടത്തുന്നത്. ആഗോള വിപണികളിലെ അനുകൂല സാഹചര്യവും കമ്പനികളുടെ മികച്ച സാമ്പത്തിക പ്രകടനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

 

വ്യാഴാഴ്ച രാവിലെ വ്യാപാരത്തിനിടെ സെൻസെക്സ് 78,922 പോയിന്റ് വരെ ഉയർന്നു. നിഫ്റ്റി 24,391 പോയിന്റ് വരെയും മുന്നേറി. ആറ് വ്യാപാരദിനങ്ങളിലായി ഇന്ത്യൻ ഓഹരി സൂചികകളിൽ ഏകദേശം എട്ട് ശതമാനത്തോളം നേട്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. 

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .