ച്ചും പഠിച്ചും നടക്കേണ്ട പ്രായത്തിൽ സ്വന്തം സംരംഭവുമായി രാജ്യാന്തര വിപണിയിൽ ഇടംപിടിച്ചിരിക്കുകയാണ് തൃശൂരിലെ രണ്ട് കൊച്ചുമിടുക്കികൾ. പേരാമംഗലം സ്വദേശികളായ എട്ടാം ക്ലാസുകാരി കനിഷ്കയും മൂന്നാം ക്ലാസുകാരി ഏകാൻഷ്കയും ചേർന്ന് ആരംഭിച്ച സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ ബ്രാൻഡിന് ഇന്ന് ദുബായിലും ലണ്ടനിലുമടക്കം ആവശ്യക്കാരുണ്ട്. 'ഏസ്തറ്റിക്' എന്ന പേരിൽ തുടങ്ങിയ സംരംഭത്തിലൂടെ ഇതിനോടകം 10,000ത്തിലധികം ഉൽപ്പന്നങ്ങളാണ് ഇവർ വിറ്റഴിച്ചത്.
വലിയ മുതൽമുടക്കോ പ്രത്യേക നിർമാണശാലയോ ഇല്ലാതെ വീട്ടിൽനിന്നാണ് ഈ സംരംഭത്തിന്റെ തുടക്കം. രണ്ടു വർഷം മുൻപ് സഹോദരിയുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധിയാണ് കനിഷ്കയെ പുതിയൊരു ആശയത്തിലേക്ക് നയിച്ചത്. ആറാം വയസ്സിൽ സ്കൂളിൽവച്ച് വീണു ഗുരുതരമായി പരിക്കേറ്റ ഏകാൻഷ്കയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടാകുകയും ശസ്ത്രക്രിയയിലൂടെ പ്ലീഹ നീക്കം ചെയ്യേണ്ടിവരികയും ചെയ്തു. തുടർന്ന് രണ്ടുവർഷത്തോളം വിശ്രമത്തിലായിരുന്ന കുട്ടിക്ക് സ്കൂളിൽ പോകാനും കഴിഞ്ഞിരുന്നില്ല.
ഈ കാലയളവിൽ സഹോദരിക്ക് സന്തോഷം പകരാനാണ് കനിഷ്ക പെർഫ്യൂം നിർമാണത്തിലേക്ക് തിരിഞ്ഞത്. ഇതിനായി ഓൺലൈൻ പെർഫ്യൂമറി കോഴ്സും പൂർത്തിയാക്കി. പിന്നീട് ഇരുവരും ചേർന്ന് ലിപ് ബാമുകളും സോളിഡ് പെർഫ്യൂമുകളും നിർമിക്കാൻ തുടങ്ങി. തുടക്കത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായിരുന്നു ഉൽപ്പന്നങ്ങൾ നൽകിയിരുന്നത്. മികച്ച പ്രതികരണം ലഭിച്ചതോടെ മാതാപിതാക്കളായ ഷാരിയും ബിജിഷും സംരംഭത്തിന് പിന്തുണയുമായി രംഗത്തെത്തി.
ബീറ്റ്റൂട്ട്, ചെറി, സ്ട്രോബറി, കോഫി തുടങ്ങിയവ ഉപയോഗിച്ചാണ് വ്യത്യസ്ത ഫ്ലേവറുകളിലുള്ള ലിപ് ബാമുകൾ നിർമിക്കുന്നത്. സ്ട്രോബറി ലിപ് ബാമിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. സിആർസെവൻ, ഓണം മൂഡ്, കാൻഡിമിസ്റ്റ്, വൈൽഡ് ജാസ്മിൻ തുടങ്ങിയ പേരുകളിൽ വിവിധ സുഗന്ധങ്ങളിലുള്ള സോളിഡ് പെർഫ്യൂമുകളും ഇവർ വിപണിയിലെത്തിക്കുന്നുണ്ട്. ലിപ് ബാം, പെർഫ്യൂം എന്നിവയ്ക്കു പുറമെ സോപ്പുകളും ഉൽപ്പന്നശേഖരത്തിലുണ്ട്.
തൃശൂർ, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ മൊത്തവിതരണക്കാർ വീട്ടിലെത്തി ഉൽപ്പന്നങ്ങൾ വാങ്ങുന്നുണ്ട്. ഇവ പിന്നീട് വിവിധ റീട്ടെയിൽ കടകളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. കേരളത്തിന് പുറത്തേക്കും വളർന്ന സംരംഭം ഇപ്പോൾ യുഎഇയിലേക്കും യുകെയിലേക്കും ഉൽപ്പന്നങ്ങൾ എത്തിക്കുന്നുണ്ട്. ദുബായിലും ലണ്ടനിലും മികച്ച ആവശ്യക്കാരുണ്ടെന്നാണ് കുടുംബം പറയുന്നത്.
കോഴിക്കോട് നടന്ന യങ് എൻട്രപ്രണേഴ്സ് കോൺക്ലേവിൽ പങ്കെടുത്തതോടെയാണ് സഹോദരിമാർ കൂടുതൽ ശ്രദ്ധ നേടിയത്. ചടങ്ങിൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ നേരിൽ കാണാനും അവസരം ലഭിച്ചു. കഴിഞ്ഞ വർഷം യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യങ് എൻട്രപ്രണേഴ്സ് പുരസ്കാരവും ഇരുവരെത്തേടിയെത്തി.
ഒരു സഹോദരിയുടെ പ്രതിസന്ധിയിൽ മറ്റൊരു സഹോദരി കണ്ടെത്തിയ ആശയം ഇന്ന് രാജ്യാന്തര വിപണിയിലേക്ക് വളർന്നിരിക്കുകയാണ്. പഠനവും സംരംഭകത്വവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന ഈ കൊച്ചുസഹോദരിമാർ പ്രായം വിജയത്തിന് തടസമല്ലെന്ന് തെളിയിക്കുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .