സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തിയ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ പൊലീസ് കേസെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി സമരസമിതി നേതാവ് വളർമതി. പൊലീസ് സമരക്കാരെ ശത്രുപക്ഷത്താണ് കാണുന്നതെന്നും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കേസെടുത്ത് അടിച്ചമർത്താനാകില്ലെന്നും വളർമതി പറഞ്ഞു. യുഡിഎഫ് സർക്കാരിൽ ഉണ്ടായിരുന്ന പ്രതീക്ഷകൾ നഷ്ടപ്പെട്ടെന്നും പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും അധികാരത്തിലെത്തുമ്പോൾ മറ്റൊരു നിലപാടുമാണ് സ്വീകരിക്കുന്നതെന്നും അവർ വിമർശിച്ചു. കഴിഞ്ഞ സർക്കാരിന്റെ വീഴ്ചകൾ കൊണ്ടാണ് യുഡിഎഫ് അധികാരത്തിലെത്തിയതെന്ന കാര്യം മറക്കരുതെന്നും വളർമതി ഓർമിപ്പിച്ചു.
സമരത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് മന്ത്രി ഒ.ജെ. ജനീഷിനും എംപി ഷാഫി പറമ്പലിനുമെതിരെ കേസെടുക്കാത്തതും വളർമതി ചോദ്യം ചെയ്തു. പൊലീസിനെതിരെ വാർത്ത വന്നതുകൊണ്ടാണ് കേസെടുത്തതെന്നാണ് പൊലീസ് വിശദീകരിച്ചതെന്നും എന്നാൽ സമരപ്പന്തലിലെ കനോപ്പി പൊളിക്കാൻ ശ്രമിച്ചതിനെതിരെയാണ് താൻ വിമർശനം ഉന്നയിച്ചതെന്നും അവർ വ്യക്തമാക്കി.അതേസമയം, സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. തിരിച്ചറിഞ്ഞ എട്ട് പേർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് കേസ്. സമരസമിതി നേതാവ് വളർമതിയാണ് കേസിലെ ഒന്നാം പ്രതി.
എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് തലമുണ്ഡനം ചെയ്താണ് വളർമതി നേരത്തെ മറുപടി നൽകിയത്. സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണവും സർക്കാർ നടപ്പാക്കിയെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. എന്നാൽ ഏതൊക്കെ ആവശ്യങ്ങളാണ് അംഗീകരിച്ചതെന്ന് സർക്കാർ കൃത്യമായി വ്യക്തമാക്കണമെന്ന് വളർമതി ആവശ്യപ്പെട്ടു. വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി. പ്രതിപക്ഷത്തിരുന്നപ്പോൾ പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണ നൽകിയവർ അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറ്റുകയാണെന്നും വളർമതി കുറ്റപ്പെടുത്തി.