Loading time...
Local

കുന്നോത്ത് സ്കൂളിലെ അദ്ധ്യാപിക കുട്ടിയെ ചവിട്ടിയെന്ന വിവാദ സംഭവം; അധ്യാപികക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രത്യേക അന്വേഷണ സമിതി .

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 15 Sep 2026, 10:52 am
Updated on: 15 Sep 2026, 10:52 am
Share:
Follow Us: YouTube

കണ്ണൂർ കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ വിദ്യാർത്ഥിനി വീണ സംഭവത്തിൽ അധ്യാപികക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രത്യേക അന്വേഷണ സമിതി . സെപ്റ്റംബർ എട്ടിന് ഉച്ചയ്ക്ക് ശേഷം ആറാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡെസ്കിൽ കയറിയപ്പോൾ വീണതാണെന്നാണ് സഹപാഠികൾ അധ്യാപികയോട് പറഞ്ഞത്. തുടർന്ന് കുട്ടിക്ക് വെള്ളം നൽകുകയും മുഖം കഴുകാൻ ആവശ്യപ്പെടുകയും ചെയ്തു. മുൻ ക്ലാസ് അധ്യാപികയുടെ സഹായത്തോടെ കുട്ടിയുടെ മാതാവിനെ ഫോണിൽ വിവരമറിയിക്കുകയും ചെയ്തു.


സ്കൂൾ വിടുന്ന സമയമായതിനാൽ മാതാവിന്റെ നിർദേശപ്രകാരം കുട്ടിയെ ഓട്ടോയിൽ സുരക്ഷിതമായി വീട്ടിലേക്ക് അയച്ചതായും അധികൃതർ പറയുന്നു. എന്നാൽ അടുത്ത ദിവസം കുട്ടിയുടെ പിതൃസഹോദരൻ പ്രധാനാധ്യാപകന് പരാതി നൽകി. സോഡിയം കുറഞ്ഞതിനെ തുടർന്ന് തലകറങ്ങി വീണ കുട്ടിയെ അധ്യാപിക കാലുകൊണ്ട് ചവിട്ടിയെന്നും അധിക്ഷേപിച്ച് സംസാരിച്ചെന്നുമായിരുന്നു പരാതി. തുടർന്ന് കോർപ്പറേറ്റ് മാനേജ്മെന്റ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. സെപ്റ്റംബർ 10, 11 തീയതികളിൽ പ്രധാനാധ്യാപകൻ, അധ്യാപകർ, വിദ്യാർത്ഥിനി, സഹപാഠികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് സമിതി മൊഴിയെടുത്തു. 


രണ്ടുപേരൊഴികെ മറ്റുള്ളവരുടെ മൊഴികളിൽ നിന്ന് പരാതിയിലെ ആരോപണങ്ങൾക്ക് സ്ഥിരീകരണമില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. പരാതിയിലെ കാര്യങ്ങൾ വിദ്യാർത്ഥിനിയോ ഭൂരിഭാഗം സഹപാഠികളോ ശരിവെച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശത്തുള്ള കുട്ടിയുടെ പിതാവിന്റെ നിർദേശപ്രകാരമാണ് പിതൃസഹോദരൻ പരാതി നൽകിയതെന്നും ഫോൺ വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരാതിയെന്നും അദ്ദേഹം അന്വേഷണ സമിതിയെ അറിയിച്ചതായും അധികൃതർ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പും സർക്കാരും വിവിധ ഏജൻസികളും നടത്തിയ അന്വേഷണങ്ങളോട് സ്കൂൾ അധികൃതർ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .