Loading time...
Global

വരും മണിക്കൂറുകളിൽ സൗദിയിൽ കനത്ത വ്യോമാക്രമണമെന്ന് ഹൂതികൾ; വിമാന സർവീസുകൾക്ക് നിയന്ത്രണം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Nov 2026, 1:55 am
Updated on: 21 Nov 2026, 1:55 am
Share:
Follow Us: YouTube
Feature Image

സൗദി അറേബ്യയിൽ വരും മണിക്കൂറുകളിൽ പുതിയ വ്യോമാക്രമണങ്ങൾ നടത്തുമെന്ന് മുന്നറിയിപ്പ് നൽകി യെമനിലെ ഹൂതി വിമതർ. സൗദി വ്യോമാതിർത്തി ഒഴിവാക്കണമെന്ന് വിമാനക്കമ്പനികൾക്ക് ഹൂതി സൈനിക വക്താവ് യഹ്യ സരീ മുന്നറിയിപ്പ് നൽകിയതോടെ മേഖലയിലെ വ്യോമഗതാഗതം ആശങ്കയിലായി. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ വിമാനക്കമ്പനികൾ ഉൾപ്പെടെയുള്ളവ സർവീസുകൾ റദ്ദാക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

 

യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരെ ആക്രമണം നടത്തുമെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. തുറമുഖത്തിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാനും സഖ്യസേന നിർദേശിച്ചിരുന്നു.

 

ഇതിന് മറുപടിയായി ജിദ്ദ തുറമുഖം ഉൾപ്പെടെ ചെങ്കടൽ തീരത്തെ സൗദിയുടെ തുറമുഖങ്ങൾ ആക്രമണലക്ഷ്യങ്ങളാകുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. തുറമുഖങ്ങളിലെ ജീവനക്കാരോടും തൊഴിലാളികളോടും കപ്പലുകൾ മാറ്റാനും പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാനും നിർദേശം നൽകി. മക്ക, മദീന നഗരങ്ങൾക്ക് സമീപമുള്ള വ്യോമാതിർത്തി ഒഴികെ സൗദിയുടെ മറ്റ് വ്യോമമേഖലകളിൽ നിന്ന് വിമാനങ്ങൾ മാറിനിൽക്കണമെന്നും ഹൂതി വക്താവ് ആവശ്യപ്പെട്ടു.

 

തെക്കൻ സൗദിയിലെ ഷുഖൈഖ് വൈദ്യുത നിലയവും ലക്ഷ്യമിടുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഹുദൈദ തുറമുഖത്ത് സൗദി സഖ്യസേന വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ആയുധക്കടത്തിനും ബാലിസ്റ്റിക് മിസൈലുകളുടെ നീക്കത്തിനും ഉപയോഗിക്കുന്ന പ്രവർത്തന സംവിധാനങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് സഖ്യസേനയുടെ വിശദീകരണം.

 

യെമൻ തലസ്ഥാനമായ സനാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഹൂതികളുടെ മിസൈൽ, ഡ്രോൺ ശേഷികൾ ലക്ഷ്യമിട്ട് സൈനിക നടപടികൾ തുടരുകയാണെന്നും സഖ്യസേന അറിയിച്ചു. ജസാൻ മേഖലയിലേക്ക് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞതായും സൗദി സഖ്യസേന അവകാശപ്പെട്ടു.

 

ഇരുവിഭാഗങ്ങളും പരസ്പരം ആക്രമണഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും കപ്പൽ ഗതാഗതത്തെയും സംഘർഷം ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. യെമനിലെ ആഭ്യന്തര സംഘർഷം വീണ്ടും ശക്തമായതോടെ മേഖലയിൽ കൂടുതൽ സൈനിക ഏറ്റുമുട്ടലുകൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .