Loading time...
Global

യുക്രൈൻ യുദ്ധം റഷ്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു കടുത്ത ചെലവുചുരുക്കലുമായി സർക്കാർ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 29 Aug 2026, 12:07 pm
Updated on: 29 Aug 2026, 12:07 pm
Share:
Follow Us: YouTube
Feature Image

യുക്രെയ്‌നുമായുള്ള നീണ്ടുനിൽക്കുന്ന യുദ്ധം റഷ്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. സൈനിക ആവശ്യങ്ങൾക്കായി വലിയ തോതിൽ പണം ചെലവഴിക്കേണ്ടിവരുന്നതാണ് റഷ്യൻ സർക്കാരിനെ പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നാണ് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

 

റഷ്യൻ ഫെഡറൽ ട്രഷറിയുടെ സിംഗിൾ അക്കൗണ്ടിലെ ബാലൻസ് മൈനസ് 5.5 ട്രില്യൺ റൂബിൾസ് വരെ താഴ്ന്നതായാണ് റിപ്പോർട്ട്. മുൻകൂട്ടി നിശ്ചയിച്ച സാമ്പത്തിക ഇടപാടുകൾ കൃത്യസമയത്ത് നടത്താൻ പോലും സർക്കാരിന്റെ കൈയിൽ ആവശ്യത്തിന് പണമില്ലെന്ന് കഴിഞ്ഞ ഏപ്രിലിൽ റഷ്യൻ ധനകാര്യ മന്ത്രി ആന്റൺ സിലുവാനോവ് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് മുന്നറിയിപ്പ് നൽകിയിരുന്നു.

 

ഇതിന്റെ പിന്നാലെയാണ് റഷ്യ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് നീങ്ങാൻ നിർബന്ധിതമായത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ ചെലവുചുരുക്കൽ നടപടികളും ശക്തമാക്കിയിട്ടുണ്ട്. സൈനികേതര ചെലവുകളിൽ 35 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. അതേസമയം ഫെഡറൽ ജീവനക്കാരുടെ എണ്ണത്തിൽ 15 ശതമാനം കുറവ് വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

 

റഷ്യൻ ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ ഉദ്ധരിച്ച് ഫോർബ്സ് റഷ്യ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ ബജറ്റ് കമ്മി 5.8 മുതൽ 5.9 ട്രില്യൺ റൂബിൾസ് വരെയായി ഉയർന്നു. റഷ്യയുടെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനത്തോളം വരുന്നതാണ് ഈ കമ്മി. കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടായിരുന്ന ബജറ്റ് കമ്മിയേക്കാൾ ഇരട്ടിയാണിത്.

 

യുദ്ധച്ചെലവുകൾ താങ്ങാൻ കഴിയാത്ത രീതിയിലേക്ക് നീങ്ങുകയാണെന്ന് റഷ്യൻ ധനകാര്യ മന്ത്രാലയത്തിലെയും സെൻട്രൽ ബാങ്കിലെയും ഉദ്യോഗസ്ഥർ ജൂൺ മാസത്തിൽ പ്രസിഡന്റ് വ്ളാദിമിർ പുതിന് മുന്നറിയിപ്പ് നൽകിയിരുന്നു. സൈനിക, സുരക്ഷാ മേഖലകളിലെ അധികച്ചെലവ് ഈ വർഷം മാത്രം 2 മുതൽ 4 ട്രില്യൺ റൂബിൾസ് വരെ എത്തിയേക്കുമെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

 

ഇതിനിടെ റഷ്യയുടെ കടം തിരിച്ചടയ്ക്കുന്നതിനുള്ള പലിശച്ചെലവും വലിയ ബാധ്യതയായി മാറിയിട്ടുണ്ട്. പലിശയ്ക്കായി മാത്രം ഇപ്പോൾ ഏകദേശം 4 ട്രില്യൺ റൂബിൾസ് ചെലവാകുന്നുണ്ട്. എന്നാൽ സൈനിക ചെലവുകൾ കുറയ്ക്കാൻ പ്രസിഡന്റ് പുതിൻ തയ്യാറായിട്ടില്ല. പകരം മറ്റ് ജനക്ഷേമ മേഖലകൾക്കുള്ള ഫണ്ടുകൾ വെട്ടിക്കുറയ്ക്കാനാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്.

 

അതേസമയം, റഷ്യൻ സർക്കാർ വൃത്തങ്ങളും ഔദ്യോഗിക മാധ്യമങ്ങളും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറയാൻ തയ്യാറായിട്ടില്ല. ബജറ്റിന് യാതൊരു പ്രശ്നവുമില്ലെന്നും ആവശ്യമായ വിഭവങ്ങൾ ലഭ്യമാണെന്നും ഈ റിപ്പോർട്ട് പുറത്തുവരുന്നതിന് തൊട്ടുമുൻപ് ധനമന്ത്രി ആന്റൺ സിലുവാനോവ് അവകാശപ്പെട്ടിരുന്നു. ജറ്റ് കമ്മി നിലനിൽക്കുന്നുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സമ്മതിച്ചെങ്കിലും, ഇത് താൽക്കാലികമായ ബുദ്ധിമുട്ട് മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

 

നാല് വർഷം മുൻപ് റഷ്യ ആരംഭിച്ച യുക്രൈൻ അധിനിവേശം സാമ്പത്തിക പ്രതിസന്ധിക്കൊപ്പം സൈനിക തിരിച്ചടികൾക്കും കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യയുടെ തന്ത്രപ്രധാനമായ സൈനിക ലോജിസ്റ്റിക് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുക്രൈൻ കടുത്ത ആക്രമണങ്ങൾ നടത്തുകയാണ്.

 

ഇതിനിടെയാണ് കഴിഞ്ഞ ആഴ്ച യുഎസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎയുടെ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് രഹസ്യമായി മോസ്കോ സന്ദർശിച്ച വിവരങ്ങളും പുറത്തുവന്നത്. റഷ്യ നേരിടുന്ന കനത്ത തിരിച്ചടികളുടെ യഥാർത്ഥ ചിത്രം വ്യക്തമാക്കുന്നതിനായാണ് അദ്ദേഹത്തിന്റെ സന്ദർശനം എന്നാണ് സൂചന.

 

അതേസമയം, റഷ്യയിൽ രാഷ്ട്രീയമായും പ്രസിഡന്റ് വ്ളാദിമിർ പുതിൻ പ്രതിസന്ധി നേരിടുന്നുണ്ട്. വരുന്ന സെപ്റ്റംബറിൽ രാജ്യത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ യുദ്ധവിരുദ്ധ നിലപാടുള്ള ഏക പ്രതിപക്ഷ പാർട്ടിയായ യാബ്ലോകോയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് റഷ്യൻ സുപ്രീം കോടതി വിലക്കിയിരിക്കുകയാണ്.

 

പ്രചാരണ സാമഗ്രികളിൽ പകർപ്പവകാശ ലംഘനം നടത്തിയെന്ന കാരണത്താലാണ് യാബ്ലോകോയെ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .