റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരായ എക്സൈസ് കേസിന്റെ എഫ്ഐആർ പകർപ്പ് പുറത്ത്. ആന്റോയുടെ വീട്ടിൽനിന്ന് 138 മദ്യക്കുപ്പികൾ പിടിച്ചെടുത്തതായി എഫ്ഐആറിൽ പറയുന്നു. ഏകദേശം 67 ലിറ്ററോളം മദ്യമാണ് പിടിച്ചെടുത്തതെന്നാണ് രേഖകളിലുള്ളത്.
അനുവദനീയമായ അളവിൽ കൂടുതൽ മദ്യം അനധികൃതമായി സൂക്ഷിച്ചെന്ന കുറ്റം ചുമത്തിയാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
നിയമവിരുദ്ധമായ മദ്യക്കടത്തും കൈവശം വെയ്ക്കലും, അനധികൃത മദ്യവിൽപ്പനയ്ക്കായി മദ്യം സൂക്ഷിക്കൽ, നികുതിവെട്ടിച്ച് മദ്യം കൈവശം വെയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ ചുമത്തിയിട്ടുള്ളത്.
അതേസമയം, ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലും അന്വേഷണം തുടരുകയാണ്. ഇതിന്റെ ഭാഗമായി റിപ്പോർട്ടർ ടിവി ഓഫീസിൽ എസ്ഐടി നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു.
റിപ്പോർട്ടർ ടിവി ഓഫീസിൽനിന്ന് 6300 യുഎസ് ഡോളറും എസ്ഐടി കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഡോളർ കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് നൽകാനാണ് എസ്ഐടിയുടെ തീരുമാനം.
വിദേശനാണ്യ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും, നിയമലംഘനം കണ്ടെത്തിയാൽ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെടുമെന്നും എസ്ഐടി അറിയിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .