Loading time...
Latest News

കനത്ത മഴയിൽ കേരളത്തിൽ ദുരന്തപ്പെയ്ത്ത്; മരണം ഒമ്പതായി, മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും വ്യാപക നാശം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 21 Sep 2026, 4:23 am
Updated on: 21 Sep 2026, 4:23 am
Share:
Follow Us: YouTube
Feature Image

സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം ഒമ്പതായി. മലപ്പുറം ടി.കെ നഗറിൽ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ഇവിടെ മരിച്ചവരുടെ എണ്ണം അഞ്ചായി. ഒഴുക്കിൽപ്പെട്ട ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

 

മലപ്പുറത്ത് നേരത്തെ കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് യാസീൻ, തിരൂർ സ്വദേശി മുഹമ്മദ് കുട്ടി, വണ്ടൂർ സ്വദേശി കുപ്പനത്ത് സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. അപകടത്തിൽപ്പെട്ട മൂന്ന് പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഫയർഫോഴ്സും പൊലീസും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പുഴയിലും സമീപ പ്രദേശങ്ങളിലും തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നത്.

 

കോട്ടയം ഈരാറ്റുപേട്ടയിൽ സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് യുവതി മരിച്ചു. ഈരാറ്റുപേട്ട–വാഗമൺ റോഡിൽ തീക്കോയിക്ക് സമീപം വേലത്തുശ്ശേരിയിലായിരുന്നു അപകടം. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവതിക്ക് പരിക്കേറ്റു.

 

പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് 80കാരനായ ജോസഫ് മരിച്ചു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്ന് പേരിൽ രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു.

 

ഇടുക്കി വട്ടവട കൊട്ടക്കാമ്പൂരിലും മണ്ണിടിച്ചിൽ ദുരന്തമുണ്ടായി. ബാലകൃഷ്ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മന് ഗുരുതരമായി പരിക്കേറ്റു. ശീതകാല പച്ചക്കറി കൃഷിയിടത്തിലെ ഷെഡിൽ ഇരിക്കുമ്പോഴാണ് ഇവരുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ഒറ്റപ്പെട്ട പ്രദേശമായതിനാൽ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്.

 

ശക്തമായ മഴയിൽ കൊട്ടക്കാമ്പൂർ–തട്ടാമ്പാറ റോഡിലെ പാലവും പൂർണമായി തകർന്നു. ഇതോടെ പ്രദേശത്തെ മുപ്പതോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മേഖലയിൽ എത്തിയ നൂറോളം വിനോദസഞ്ചാരികളും കുടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .