Loading time...
Global

പാകിസ്ഥാനിൽ പെൺകുട്ടികളുടെ കോളേജിൽ സായുധ ആക്രമണം; മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 28 Oct 2026, 11:27 am
Updated on: 28 Oct 2026, 11:27 am
Share:
Follow Us: YouTube
Feature Image

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ പെൺകുട്ടികളുടെ കോളേജിലേക്ക് മുഖംമൂടി ധരിച്ചെത്തിയ സായുധ സംഘം നടത്തിയ ആക്രമണത്തിൽ മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. കോളേജ് വളപ്പിൽ അതിക്രമിച്ചുകയറിയ മൂന്ന് അക്രമികൾ നിരീക്ഷണ ക്യാമറകൾ തകർക്കുകയും പ്രിൻസിപ്പലിന്റെ ഓഫീസ് നശിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 

സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബലൂച് സ്റ്റുഡന്റ്‌സ് ആക്ഷൻ കമ്മിറ്റി രംഗത്തെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ഭീതി സൃഷ്ടിക്കുന്നുവെന്നും പഠനത്തെ ബാധിക്കുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി. നേരത്തെ അധ്യാപകരും പ്രൊഫസർമാരും ആക്രമണങ്ങളുടെ ലക്ഷ്യമായിരുന്നെങ്കിൽ ഇപ്പോൾ വിദ്യാർത്ഥികളും അക്രമത്തിന് ഇരയാകുകയാണെന്ന് സംഘടനയുടെ വക്താവ് പറഞ്ഞു. കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇരകൾക്ക് നീതി ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

 

ബലൂച് സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാനുള്ള അവസരം തടയുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കോളേജിന് സമീപം സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും അക്രമികൾ എങ്ങനെ രക്ഷപ്പെട്ടുവെന്ന ചോദ്യവും ശക്തമാണ്. 

 

ബുലേദയിലെ മിനാസ് പ്രദേശത്തുള്ള റുഷ്ൻ സ്കൂളിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിന് പിന്നാലെയാണ് കോളേജിലെ വെടിവെപ്പ്. മേഖലയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സമാനമായ ഭീഷണികൾ നേരിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2014-ൽ പഞ്ചഗുറിൽ പെൺകുട്ടികളെ സ്കൂളുകളിൽ നിന്ന് ഒഴിവാക്കണമെന്നും അല്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നുമാവശ്യപ്പെട്ട് ഒരു സംഘം ഭീഷണി മുഴക്കിയിരുന്നു. തുടർന്നുണ്ടായ ഭീഷണികൾ കാരണം സ്കൂളുകൾ ദീർഘകാലം അടച്ചിടേണ്ടിവന്നതായും വിദ്യാർത്ഥികളുടെ ഹാജർ ഗണ്യമായി കുറഞ്ഞതായും പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ബലൂചിസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമാകുകയാണ്.