നെടുമ്പാശേരി വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈലിനും സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീർ എന്നിവർക്കും ജാമ്യമില്ല. എറണാകുളം അഡിഷനൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ഇവർ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വേണം എന്നതായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. പ്രതികൾ സ്വാധീനമുള്ളവരാണെന്നും തെളിവെടുപ്പും മറ്റും നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഒക്ടബോർ 11ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേസിൽ വാഹനം ഓടിച്ചിരുന്ന 19 കാരനായ സുഹൈൽ സജീവിനെതിരെ നരഹത്യ കുറ്റവും, ബാക്കി മൂന്ന് പേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയത്. അന്വേഷണത്തിൻ്റെ നിർണായകഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുത് എന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.