ബഹിരാകാശത്ത് എത്തുക, ചന്ദ്രനിലൂടെ സഞ്ചരിക്കുക, അന്യഗ്രഹങ്ങളെക്കുറിച്ച് പഠിക്കുക,ഇത്തരമൊരു സ്വപ്നം മനസിലുള്ളവർക്ക് വലിയൊരു അവസരവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഭാവിയിലെ ചാന്ദ്ര പര്യവേക്ഷണങ്ങൾക്കും ആർടെമിസ് ദൗത്യങ്ങൾക്കും കൂടുതൽ കരുത്തുപകരുന്നതിനായി പുതിയ ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കാനുള്ള അപേക്ഷകളാണ് നാസ ക്ഷണിച്ചിരിക്കുന്നത്.
നാസയുടെ 25-ാമത് ബഹിരാകാശ സഞ്ചാരി സംഘത്തിലേക്കാണ് നിയമനം നടക്കുന്നത്. ചന്ദ്രനിൽ മനുഷ്യസാന്നിധ്യം ദീർഘകാലത്തേക്ക് ഉറപ്പാക്കുക, അവിടെ താമസിക്കാനും പ്രവർത്തിക്കാനുമുള്ള സംവിധാനങ്ങൾ വികസിപ്പിക്കുക, ഭാവിയിൽ ചൊവ്വയിലേക്കുള്ള മനുഷ്യദൗത്യങ്ങൾക്ക് അടിത്തറയൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ സംഘത്തിനുള്ളത്. 2024ലായിരുന്നു ഇതിനുമുമ്പ് നാസ അപേക്ഷ ക്ഷണിച്ചത്. അന്ന് ലഭിച്ച 8,000-ത്തിലധികം അപേക്ഷകളിൽനിന്ന് പത്ത് പേരെയാണ് തിരഞ്ഞെടുത്തത്.
അമേരിക്കൻ പൗരന്മാർക്ക് മാത്രമാണ് നിലവിലെ നിയമനത്തിലേക്ക് അപേക്ഷിക്കാൻ കഴിയുക. എൻജിനീയറിങ്, ബയോളജിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഗണിതശാസ്ത്രം തുടങ്ങിയ STEM വിഷയങ്ങളിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ഇതിനുപുറമെ യോഗ്യതാ ബിരുദം പൂർത്തിയാക്കിയശേഷം ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
എന്നാൽ ബിരുദാനന്തര ബിരുദത്തിന് പകരമായി ചില യോഗ്യതകളും പരിഗണിക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഡോക്ടറേറ്റ് പഠനത്തിനായി കുറഞ്ഞത് രണ്ട് വർഷം പൂർത്തിയാക്കിയവർ, അംഗീകൃത മെഡിക്കൽ ബിരുദമുള്ളവർ, ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട ടെസ്റ്റ് പൈലറ്റ് സ്കൂൾ പരിശീലനം പൂർത്തിയാക്കിയവർ എന്നിവർക്കും നിശ്ചിത നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.
പൈലറ്റുമാർക്ക് വിമാനങ്ങൾ പറത്തിയുള്ള നിശ്ചിത മണിക്കൂറുകളുടെ പരിചയവും ആവശ്യമാണ്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ജെറ്റ് വിമാനങ്ങളിൽ 750 മണിക്കൂർ പൈലറ്റ് ഇൻ കമാൻഡ് പരിചയം, മറ്റ് വിമാനങ്ങളിൽ 1,500 മണിക്കൂർ പറക്കൽ പരിചയം തുടങ്ങിയവയാണ് നിർദേശിച്ചിട്ടുള്ളത്. കൂടാതെ ദീർഘകാല ബഹിരാകാശ യാത്രയ്ക്ക് ആവശ്യമായ കർശനമായ ആരോഗ്യപരിശോധനകളും വിജയകരമായി പൂർത്തിയാക്കണം. നേതൃത്വപാടവം, സംഘമായി പ്രവർത്തിക്കാനുള്ള കഴിവ്, മികച്ച ആശയവിനിമയശേഷി എന്നിവയ്ക്കും പ്രാധാന്യമുണ്ട്.
താൽപ്പര്യമുള്ള യോഗ്യരായ അമേരിക്കൻ പൗരന്മാർക്ക് ഡിസംബർ 3 വ്യാഴാഴ്ച രാത്രി 11.59 വരെ അപേക്ഷ സമർപ്പിക്കാം. 2027 അവസാനത്തോടെ പുതിയ ബഹിരാകാശ സഞ്ചാരി സംഘത്തിന്റെ അന്തിമ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് നാസ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ ഏകദേശം രണ്ട് വർഷത്തെ കഠിനമായ പരിശീലനം നൽകും. ബഹിരാകാശ നടത്തം, ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം, വിമാന പരിശീലനം, റോബോട്ടിക് ഉപകരണങ്ങളുടെ നിയന്ത്രണം തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
നിലവിലെ നാസ നിയമനത്തിൽ അമേരിക്കൻ പൗരത്വം നിർബന്ധമായതിനാൽ ഇന്ത്യൻ പൗരന്മാർക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ ഇന്ത്യയുടെ സ്വന്തം മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ഭാവിയിൽ കൂടുതൽ അവസരങ്ങൾക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷ. ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്. വരുംകാലത്ത് ശാസ്ത്രജ്ഞർ, എൻജിനീയർമാർ, ഡോക്ടർമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കും ഇന്ത്യൻ ബഹിരാകാശ പദ്ധതികളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്സുകളിൽ നിന്നും എടുത്തതാണ് .