ജർമനിയിലെ ബോഹുമിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യൻ എംബസിയുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ കെട്ടിടത്തിന് മനഃപൂർവം തീയിട്ടതാണെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത റുമേനിയൻ പൗരനെ ജർമൻ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ജോയി, ഇടുക്കി കട്ടപ്പന സ്വദേശി നോവ സാബു, എറണാകുളം കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. ജോലിക്കും പഠനത്തിനുമായി ഏതാനും മാസങ്ങൾക്കുമുമ്പ് ജർമനിയിലെത്തിയവരായിരുന്നു മൂവരും. അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് ഇവരുടെ കുടുംബങ്ങളും ബന്ധുക്കളും നാട്ടുകാരും.
വെയർഹൗസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന അഞ്ജലി, ജർമനിയിൽ അധ്യാപികയായി ജോലി നേടാനുള്ള ശ്രമത്തിലായിരുന്നു. മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ തീരാദുഃഖത്തിലാണ് മാതാപിതാക്കളായ ജോയിയും ഷീലയും.
റിട്ടയേർഡ് എസ്‌ഐ കെ.പി. സാബുവിന്റെയും ജ്യോതിയുടെയും മകളായ നോവ ജർമനിയിൽ ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. സുഹൃത്തായ അഞ്ജലിയെ കാണാനായി അപ്പാർട്ട്മെന്റിലെത്തിയപ്പോഴാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.
ജർമനിയിലെത്തി വെറും 40 ദിവസം പിന്നിടുമ്പോഴാണ് കാലടി സ്വദേശി സിവിൻ ജോണിയുടെ മരണം കുടുംബത്തെ തേടിയെത്തിയത്. സിവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി ബന്ധുക്കൾ കാത്തിരിക്കുകയാണ്.
മന്ത്രിമാർ, എംപിമാർ, ജർമനിയിലെ മലയാളി സംഘടനകൾ എന്നിവരുടെ ഇടപെടലിലൂടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
അതേസമയം, അപ്പാർട്ട്മെന്റ് സമുച്ചയത്തിന് മനഃപൂർവം തീയിട്ടതാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്. കെട്ടിടത്തിൽ താമസിച്ചിരുന്ന റുമേനിയൻ പൗരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മരിച്ച മലയാളികളെ ലക്ഷ്യമിട്ടല്ല ആക്രമണം നടത്തിയതെന്നാണ് അന്വേഷണത്തിന്റെ പ്രാഥമിക നിഗമനം. അപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .