Loading time...
Global

മാൾട്ടയിൽ മലയാളി കുടുംബങ്ങളുടെ ചെലവ് കുത്തനെ കൂടും; പുതിയ നികുതികൾക്കും ഫീസ് വർധനവിനുമെതിരെ പ്രവാസികൾ ഒന്നിക്കുന്നു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 20 Nov 2026, 2:43 pm
Updated on: 20 Nov 2026, 2:47 pm
Share:
Follow Us: YouTube
Feature Image

വിദേശത്ത് ജോലി ചെയ്ത് കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് പുതിയ സാമ്പത്തിക വെല്ലുവിളിയുമായി മാൾട്ട സർക്കാർ. 2027ലെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി, വർക്ക് പെർമിറ്റ് ഫീസ് വർധനകളും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കലും വിദേശ തൊഴിലാളികളുടെ ജീവിതച്ചെലവ് വർധിപ്പിക്കുമെന്നാണ് ആശങ്ക. ഇതിനെതിരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ഒരുമിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

 

യൂറോപ്യൻ യൂണിയന് പുറത്തുനിന്ന് മാൾട്ടയിലെത്തുന്ന തേർഡ് കൺട്രി നാഷനൽസ് (TCN) വിഭാഗത്തിൽപ്പെടുന്ന തൊഴിലാളികളെയാണ് പുതിയ നടപടികൾ പ്രധാനമായും ബാധിക്കുന്നത്. പുതിയ വർക്ക് പെർമിറ്റിനുള്ള അപേക്ഷാ ഫീസ് 600 യൂറോയിൽ നിന്ന് 800 യൂറോയായി ഉയർത്തും. ഇതിനു പുറമേ പുതിയ പെർമിറ്റ് എടുക്കുന്നവരും പുതുക്കുന്നവരും പ്രതിവർഷം 400 യൂറോ ഇൻഫ്രാസ്ട്രക്ചർ സംഭാവനയായി നൽകേണ്ടിവരും. 2027 ജനുവരി ഒന്നുമുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

 

ദൈനംദിന ജീവിതച്ചെലവിനെയും പുതിയ തീരുമാനങ്ങൾ ബാധിക്കും. ദീർഘകാല താമസാനുമതിയില്ലാത്ത വിദേശികൾക്ക് സൗജന്യ പൊതുഗതാഗതവും ശിശുപരിപാലന ആനുകൂല്യങ്ങളും ലഭിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ടാകും. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്ന വിദേശ തൊഴിലാളികൾക്ക് പ്രതിമാസം 83 യൂറോ അധിക ഫീസ് നൽകേണ്ടിവരുമെന്നും നിർദേശമുണ്ട്. കുടുംബാംഗങ്ങളെ മാൾട്ടയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചില താമസാനുമതി അപേക്ഷാ ഫീസുകളും 50 യൂറോയിൽ നിന്ന് 800 യൂറോയായി ഉയർത്തിയിട്ടുണ്ട്.

 

പുതിയ സാമ്പത്തിക ബാധ്യതകൾ കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്ന പ്രവാസി കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് ആശങ്ക. വാടക, ഭക്ഷണം, വൈദ്യുതി, വെള്ളം, യാത്ര, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ ചെലവുകൾക്കൊപ്പം പുതിയ ഫീസുകൾ കൂടി വരുന്നതോടെ സമ്പാദ്യം കുറയുകയും കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുകയും ചെയ്യുമെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ തൊഴിലാളികളും വിദ്യാർഥികളും ഈ മാറ്റങ്ങളിൽ ആശങ്കയിലാണ്.

 

ഇതിനിടെ പുതിയ ബജറ്റ് നടപടികൾക്കെതിരെ മാൾട്ടയിൽ ഒരാഴ്ച നീളുന്ന പ്രതിഷേധ പരിപാടികൾക്കും വിവിധ പ്രവാസി സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. പൊതുഗതാഗതവും വ്യാപാര സ്ഥാപനങ്ങളും ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിനൊപ്പം വെള്ളിയാഴ്ച ജോലിക്ക് പോകാതെ പ്രതിഷേധിക്കാനും നിർദേശമുണ്ട്. വാലറ്റയിലെ ട്രൈറ്റൺ ഫൗണ്ടനിൽ മെഴുകുതിരി തെളിച്ചുള്ള മനുഷ്യച്ചങ്ങലയും ശനിയാഴ്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ സംഗീത പരിപാടിയും സംഘടിപ്പിക്കാനാണ് തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി പച്ച റിബൺ ധരിക്കാനും ആഹ്വാനമുണ്ട്.

 

മാൾട്ടയുടെ സമ്പദ്‌വ്യവസ്ഥയിലും ആരോഗ്യപരിചരണം, ടൂറിസം, സേവന മേഖലകൾ ഉൾപ്പെടെയുള്ള രംഗങ്ങളിലും വിദേശ തൊഴിലാളികൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് പ്രവാസി സംഘടനകളുടെ നിലപാട്. പുതിയ നടപടികൾ തൊഴിലാളികളെയും കുടുംബങ്ങളെയും മാത്രമല്ല, വിദേശ ജീവനക്കാരെ ആശ്രയിക്കുന്ന തൊഴിലുടമകളെയും ബാധിക്കുമെന്ന് വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ജനസംഖ്യാ വർധനവും അടിസ്ഥാന സൗകര്യങ്ങളിലെ സമ്മർദവും കുറയ്ക്കുന്നതിനുള്ള നടപടികളാണിതെന്നാണ് സർക്കാർ വിശദീകരണം. പുതിയ തീരുമാനങ്ങളിൽ മാറ്റം ആവശ്യപ്പെട്ട് പ്രവാസി കൂട്ടായ്മകൾ പ്രതിഷേധവും നിയമപരമായ നീക്കങ്ങളും ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .