മൂന്നാം നിലയിലെ ജനൽപ്പടിയിൽ അപകടകരമായി തൂങ്ങിനിന്ന മൂന്ന് വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി മലയാളി യുവാവ്. ബ്രിട്ടനിലെ ഈസ്റ്റ് ലണ്ടനിലെ ഇൽഫോഡിലുള്ള ഹൈറോഡിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു നാടിനെ മുൾമുനയിൽ നിർത്തിയ സംഭവം. മലപ്പുറം സ്വദേശി മുഹമ്മദ് ജസീലും ഒരു മെറ്റ് പൊലീസ് ഉദ്യോഗസ്ഥനും ചേർന്നാണ് കുഞ്ഞിനെ രക്ഷിച്ചത്. കുട്ടിക്ക് പരുക്കുകളൊന്നുമില്ലെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് തിരക്കേറിയ വ്യാപാരമേഖലയിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ജനൽപ്പടിയിൽ പിടിച്ചുതൂങ്ങിനിൽക്കുന്ന കുട്ടിയെ വഴിയാത്രക്കാർ കണ്ടത്. എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലായിരുന്ന കുഞ്ഞിനെ കണ്ട് പ്രദേശത്തുള്ളവർ പരിഭ്രാന്തരായി. ഉടൻ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കെട്ടിടത്തിനുള്ളിലൂടെ കുട്ടിയുടെ അടുത്തെത്താൻ ശ്രമിച്ചെങ്കിലും രക്ഷാപ്രവർത്തനം എളുപ്പമായിരുന്നില്ല.
ഇതിനിടെയാണ് സമീപത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ താമസസ്ഥലത്തുണ്ടായിരുന്ന മുഹമ്മദ് ജസീൽ സംഭവം ശ്രദ്ധിക്കുന്നത്. ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ പുറത്തുനിന്നുള്ള ബഹളം കേട്ടാണ് അദ്ദേഹം ജനലിലൂടെ നോക്കിയത്. അപകടത്തിന്റെ ഗൗരവം മനസ്സിലാക്കിയതോടെ സമയം കളയാതെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി. മുറിയിൽനിന്ന് അപകടസ്ഥലത്തേക്ക് വേഗത്തിലെത്താൻ ജനൽവഴി ചാടിയാണ് അദ്ദേഹം എത്തിയത്.
അപ്പോഴേക്കും കുഞ്ഞിന്റെ പിടി ദുർബലമായിരുന്നു. താഴെ നിലയുറപ്പിച്ച ജസീലും പൊലീസ് ഉദ്യോഗസ്ഥനും കുട്ടിയെ രക്ഷിക്കാൻ തയ്യാറായി നിന്നു. നിമിഷങ്ങൾക്കകം കുട്ടിയുടെ കൈ ജനൽപ്പടിയിൽനിന്ന് വഴുതി താഴേക്ക് പതിച്ചു. എന്നാൽ കൃത്യസമയത്ത് ഇടപെട്ട ജസീൽ കുഞ്ഞിനെ കൈകളിൽ സുരക്ഷിതമായി താങ്ങിയെടുത്തു. പൊലീസ് ഉദ്യോഗസ്ഥനും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു.
വലിയൊരു ദുരന്തം ഒഴിവാക്കിയത് ഇരുവരുടെയും സമയോചിതമായ ഇടപെടലിലൂടെയാണ്. കുഞ്ഞിനെ സുരക്ഷിതമായി കൈമാറിയതോടെ ആശങ്കയിലായിരുന്ന ജനക്കൂട്ടം കൈയടികളോടെയാണ് രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചത്. പൊലീസ് ഉദ്യോഗസ്ഥനും ജസീലിനെ ചേർത്തുപിടിച്ച് അഭിനന്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മലയാളി യുവാവിന്റെ ധീരമായ ഇടപെടൽ പുറംലോകമറിഞ്ഞത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്സുകളിൽ നിന്നും എടുത്തതാണ് .