നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം മൃഗശാല മറ്റൊരിടത്തേക്ക് മാറ്റണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ചർച്ചയാകുന്നതിനിടെ, പുതിയ മൃഗശാലയ്ക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തുക സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളിയാകും. നിലവിലെ മൃഗശാലയിൽ നവീകരണ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് പുതിയ സുവോളജിക്കൽ പാർക്ക് എന്ന ആശയം ഉയർന്നിരിക്കുന്നത്.
പഴയ ഇരുമ്പ് കൂടുകൾക്ക് പകരം മൃഗങ്ങൾക്ക് കൂടുതൽ വിശാലവും സ്വാഭാവികവുമായ ആവാസവ്യവസ്ഥ ഒരുക്കുന്ന പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. പുതിയ സ്ഥലത്ത് മൃഗങ്ങളുടെ ആവാസകേന്ദ്രങ്ങൾക്കൊപ്പം വെറ്ററിനറി ആശുപത്രി, ക്വാറന്റീൻ സംവിധാനം, ഭക്ഷണവിതരണ കേന്ദ്രം, ജീവനക്കാരുടെ സൗകര്യങ്ങൾ, പാർക്കിങ്, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടിവരും. ഇതിനായി സമഗ്രമായ മാസ്റ്റർപ്ലാൻ ആവശ്യമായി വരും.
മൃഗശാല മാറ്റുകയാണെങ്കിൽ പദ്ധതിക്ക് 500 കോടിയിലധികം രൂപയുടെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ആവശ്യമായ വിസ്തൃതിയുള്ള സ്ഥലവും അനുയോജ്യമായ പരിസ്ഥിതിയും കണ്ടെത്തുന്നതാകും ആദ്യഘട്ടത്തിലെ നിർണായക നടപടി.
അതേസമയം, മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് തങ്ങൾക്ക് ഇതുവരെ നിർദേശം ലഭിച്ചിട്ടില്ലെന്ന് മൃഗശാല ഡയറക്ടർ പി.എസ്. മഞ്ജുളാദേവി വ്യക്തമാക്കി.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .