വിദേശ വിദ്യാർഥികളെയും തൊഴിലാളികളെയും ബാധിക്കുന്ന തരത്തിൽ കുടിയേറ്റ നിയമങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളുമായി യൂറോപ്യൻ രാജ്യമായ ലിത്വാനിയ. പുതിയ നിയമപ്രകാരം ഷെഞ്ചൻ വിസയിലോ മറ്റ് ചില രാജ്യങ്ങളുടെ വിസയിലോ ലിത്വാനിയയിലെത്തുന്നവർക്ക് രാജ്യത്തിനുള്ളിൽനിന്ന് ജോലി, പഠനം എന്നിവയുടെ അടിസ്ഥാനത്തിൽ റെസിഡന്റ് പെർമിറ്റിന് അപേക്ഷിക്കാൻ കഴിയില്ല. 2026 നവംബർ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വന്നു.
ഇന്ത്യ, ഘാന, അസർബൈജാൻ, കംബോഡിയ, മംഗോളിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അധിക നിയന്ത്രണങ്ങൾ ബാധകമാകുന്നത്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന ഭൂരിഭാഗം പേർക്കും തൊഴിൽ അടിസ്ഥാനമാക്കി ലിത്വാനിയയിൽ റെസിഡന്റ് പെർമിറ്റിന് അപേക്ഷിക്കാനാകില്ല. ഇതോടെ പഠനത്തിനും ജോലിക്കുമായി ലിത്വാനിയയിലെത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാകും.
പുതിയ വ്യവസ്ഥ അനുസരിച്ച് റെസിഡന്റ് പെർമിറ്റിനുള്ള അപേക്ഷകൾ വിദേശത്തുനിന്നുതന്നെ സമർപ്പിക്കണം. ഇതിനായി ലിത്വാനിയയുടെ വിവിധ രാജ്യങ്ങളിലുള്ള വിസ കേന്ദ്രങ്ങളെ തൊഴിലുടമകൾക്കും അപേക്ഷകർക്കും ആശ്രയിക്കാം. കൂടാതെ MIGRIS ഓൺലൈൻ സംവിധാനം വഴിയും അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യമുണ്ട്.
എന്നാൽ അപേക്ഷാ നടപടിക്രമങ്ങളും ആവശ്യമായ ഫോമുകളും അപേക്ഷകൻ താമസിക്കുന്ന രാജ്യം, ഉപയോഗിക്കുന്ന വിസ കേന്ദ്രം എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടും. ലിത്വാനിയയിലേക്ക് പഠനത്തിനും തൊഴിലിനുമായി കുടിയേറാൻ പദ്ധതിയിടുന്നവർ യാത്രയ്ക്ക് മുമ്പ് പുതിയ നിയമങ്ങളും അപേക്ഷാ നടപടികളും കൃത്യമായി പരിശോധിക്കണമെന്നാണ് നിർദേശം.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .