കണ്ണൂർ കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ വിദ്യാർത്ഥിനിയെ അധ്യാപിക ചവിട്ടിയെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതിയിലെ ആരോപണങ്ങൾക്ക് സ്ഥിരീകരണമില്ലെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്.
സെപ്റ്റംബർ എട്ടിന് ആറാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡെസ്കിൽ കയറിയപ്പോൾ വീണതാണെന്നാണ് സഹപാഠികൾ അധ്യാപികയോട് പറഞ്ഞത്. തുടർന്ന് കുട്ടിക്ക് വെള്ളം നൽകുകയും മുഖം കഴുകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് മാതാവിനെ വിവരമറിയിച്ച ശേഷം കുട്ടിയെ വീട്ടിലേക്ക് അയച്ചതായും സ്കൂൾ അധികൃതർ പറയുന്നു.
എന്നാൽ പിറ്റേദിവസം കുട്ടിയുടെ പിതൃസഹോദരൻ സ്കൂൾ അധികൃതർക്ക് പരാതി നൽകി. സോഡിയം കുറഞ്ഞതിനെ തുടർന്ന് തലകറങ്ങി വീണ കുട്ടിയെ അധ്യാപിക കാലുകൊണ്ട് ചവിട്ടിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു പരാതി.
തുടർന്ന് കോർപ്പറേറ്റ് മാനേജ്മെന്റ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. പ്രധാനാധ്യാപകൻ, അധ്യാപകർ, വിദ്യാർത്ഥിനി, സഹപാഠികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് സമിതി റിപ്പോർട്ട് നൽകിയത്. രണ്ടുപേരൊഴികെ മറ്റുള്ളവരുടെ മൊഴികളിൽ പരാതിയിലെ ആരോപണങ്ങൾക്ക് സ്ഥിരീകരണമില്ലെന്നാണ് റിപ്പോർട്ട്.
വിദ്യാർത്ഥിനിയും ഭൂരിഭാഗം സഹപാഠികളും പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിവെച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, വിദ്യാഭ്യാസ വകുപ്പും സർക്കാരും വിവിധ ഏജൻസികളും നടത്തിയ അന്വേഷണങ്ങളോട് സ്കൂൾ അധികൃതർ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും അറിയിച്ചു.