ജമ്മു കശ്മീരിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് വീണ്ടും ഭീകരാക്രമണം. കുൽഗാമിൽ ദേശീയപാത 44-ലെ സി.ആർ.പി.എഫ് ചെക്ക് പോസ്റ്റിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ ഭീകരർ സി.ആർ.പി.എഫ് ബൂത്തിന് നേരെ വെടിയുതിർത്ത ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പ്രാദേശിക ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഭീകരർക്കായി സുരക്ഷാ സേന പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചു.
രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നിവർക്കാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു. വയറിലും നട്ടെല്ലിലും വെടിയേറ്റ സന്തോഷ് ചന്ദ്രുവിനെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണർ ആശുപത്രിയിലെത്തി പരിക്കേറ്റ ജവാന്മാരെ സന്ദർശിക്കുകയും ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സുരക്ഷാ യോഗം വിളിച്ചിട്ടുണ്ട്. കശ്മീരിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ സി.ആർ.പി.എഫ് ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചു. സമീപകാലത്ത് ജമ്മു കശ്മീരിൽ സി.ആർ.പി.എഫിന്റെ സുരക്ഷാ ചുമതലകൾ വർധിപ്പിച്ച സാഹചര്യത്തിൽ ആക്രമണം ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. യോഗത്തിൽ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളും തുടർനടപടികളും വിശദമായി വിലയിരുത്തും.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .