സ്വർണവില കുത്തനെ താഴേക്ക്. എന്നാൽ ഈ വിലയിടിവ് ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് ഉയർന്ന വിലയ്ക്ക് സ്വർണം പണയം വെച്ച് വായ്പയെടുത്തവർക്കാണ്. ബാങ്കുകളിൽ നിന്ന് തുടർച്ചയായി മെസ്സേജുകളും കത്തുകളും എത്തിത്തുടങ്ങി. വായ്പാ പരിധി നിലനിർത്തണമെങ്കിൽ അധിക തുക തിരിച്ചടയ്ക്കണം. അല്ലെങ്കിൽ കൂടുതൽ സ്വർണം കൂടി പണയം വയ്ക്കണം. ഇതാണ് ബാങ്കുകളുടെ നിർദേശം.
സ്വർണം പണയം വെച്ച് വായ്പയെടുക്കുമ്പോൾ ഒരു നിശ്ചിത മാർജിൻ നിലനിർത്തണമെന്ന വ്യവസ്ഥ ഉപഭോക്താക്കൾ അംഗീകരിച്ചിട്ടുണ്ടാകും. എന്നാൽ സ്വർണവില കുത്തനെ ഇടിഞ്ഞതോടെ പണയസ്വർണത്തിന്റെ നിലവിലെ മൂല്യം കുറഞ്ഞു. ഇതോടെ നേരത്തെ അനുവദിച്ച വായ്പ, ഇപ്പോഴത്തെ സ്വർണത്തിന്റെ മൂല്യത്തിന് അനുസരിച്ചുള്ള വായ്പാ പരിധി മറികടന്നിരിക്കുകയാണ്.
ഈ അധിക ബാധ്യത നികത്തണമെന്നാണ് ബാങ്കുകളുടെ ആവശ്യം. പണം അടച്ചോ, ചെക്ക് നൽകിയോ, അല്ലെങ്കിൽ കൂടുതൽ സ്വർണം പണയം വെച്ചോ വായ്പാ പരിധി ക്രമീകരിക്കാമെന്നാണ് ബാങ്കുകളിൽ നിന്നുള്ള സന്ദേശങ്ങൾ. സ്വർണവിലയിൽ മാറ്റമുണ്ടാകുന്നതിനനുസരിച്ച് ഇത്തരം അറിയിപ്പുകൾ ദിവസവും ലഭിക്കുന്ന സാഹചര്യവുമുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ നാലര ലക്ഷത്തോളം രൂപയ്ക്ക് സ്വർണം പണയം വെച്ച് വായ്പയെടുത്ത ഒരാൾക്ക് ഇന്ന് കുറഞ്ഞത് 9,000 രൂപയെങ്കിലും അധികമായി തിരിച്ചടയ്ക്കേണ്ടി വരുന്ന സാഹചര്യമുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇതിന് പിന്നിലെ പ്രധാന കാരണം ലോൺ ടു വാല്യു അഥവാ എൽടിവി അനുപാതമാണ്. പണയം വെക്കുന്ന സ്വർണത്തിന്റെ മൂല്യത്തിന്റെ എത്ര ശതമാനം വരെ വായ്പയായി നൽകാമെന്നതാണ് എൽടിവി നിശ്ചയിക്കുന്നത്.
ജനുവരി മാസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പവൻ സ്വർണത്തിന് 38,280 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 29.4 ശതമാനത്തിന്റെ മൂല്യത്തകർച്ച. സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ, ഉയർന്ന വില കണക്കാക്കി നേരത്തെ അനുവദിച്ച വായ്പയിൽ അധികമായി നൽകിയ തുകയാണ് ഇപ്പോൾ തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുന്നത്.
റിസർവ് ബാങ്കിന്റെ മാർഗനിർദേശപ്രകാരം വായ്പാ തുകയ്ക്കനുസരിച്ച് വ്യത്യസ്ത എൽടിവി പരിധികളാണുള്ളത്. 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സ്വർണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം വരെയും, അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 80 ശതമാനം വരെയും, 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് 75 ശതമാനം വരെയുമാണ് അനുവദിക്കാവുന്നത്.
ഈ വ്യവസ്ഥകൾ ഉപഭോക്താക്കളെ അറിയിച്ച ശേഷമാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ സ്വർണവിലയിൽ വലിയ മാറ്റമുണ്ടാകുമ്പോൾ വായ്പാ പരിധി പുനഃപരിശോധിക്കേണ്ട സാഹചര്യമുണ്ടാകുന്നു.
എന്നാൽ വായ്പാ പരിധി ലംഘിച്ചുവെന്ന കാരണത്താൽ ബാങ്കുകൾക്ക് പണയസ്വർണം ഉടൻ ലേലം ചെയ്യാനാകില്ല. അതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കണം. ഉപഭോക്താവിന് നോട്ടീസ് നൽകണം. ലേലത്തെക്കുറിച്ച് പത്രപരസ്യം ഉൾപ്പെടെയുള്ള അറിയിപ്പുകൾ നൽകണം. ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
എന്നാൽ വായ്പ തിരിച്ചടവിലും പലിശ അടയ്ക്കുന്നതിലും തുടർച്ചയായി വീഴ്ച വരുത്തിയാൽ സ്ഥിതി ഗുരുതരമാകും. അത്തരമൊരു സാഹചര്യത്തിൽ പണയസ്വർണം നഷ്ടപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഏകദേശം 30,000 ടൺ സ്വർണമുണ്ടെന്നാണ് സ്വർണ വ്യാപാര സംഘടനകളുടെ കണക്ക്. ഇതിൽ കേരളത്തിലെ കുടുംബങ്ങളുടെ കൈവശമുള്ളത് ഏകദേശം 2,000 ടണ്ണാണ്.
22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 4,785 രൂപയുടെ വിലയിടിവ് കണക്കിലെടുത്താൽ, കേരളത്തിലെ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ വിപണിമൂല്യത്തിൽ ഉണ്ടായ ഇടിവ് ഏകദേശം 9.57 ലക്ഷം കോടി രൂപയുടേതാണ്. സ്വർണവ്യാപാരികൾ ചൂണ്ടിക്കാട്ടുന്ന ഏകദേശ കണക്കാണിത്. നിക്ഷേപമായും സമ്പാദ്യമായും സ്വർണത്തെ കണ്ടിരുന്നവർക്കാണ് ഇപ്പോഴത്തെ വിലയിടിവ് വലിയ ആശങ്കയാകുന്നത്. പ്രത്യേകിച്ച് സ്വർണം പണയം വെച്ച് വായ്പയെടുത്തവർക്ക്.
എന്നാൽ സ്വർണവില വീണ്ടും ഉയരുകയാണെങ്കിൽ ഈ സാഹചര്യം മാറിയേക്കാം. ഇന്ത്യ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ രാജ്യാന്തര വിപണിയിലെ വിലമാറ്റങ്ങളും ഡോളറിന്റെ മൂല്യവും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നത്.
അതുകൊണ്ടുതന്നെ ബാങ്കുകളുടെ സന്ദേശം കണ്ട് ആശങ്കപ്പെടുന്നവർക്ക് മുന്നിലുള്ള പ്രധാന ചോദ്യം ഒന്നുതന്നെ. സ്വർണവില ഇനിയും താഴുമോ? അതോ വീണ്ടും കുതിച്ചുയരുമോ? ഉത്തരത്തിനായി ഇനി രാജ്യാന്തര സ്വർണവിപണിയിലെ ചലനങ്ങളിലേക്ക് കൂടി കണ്ണുംനട്ട് കാത്തിരിക്കേണ്ടിവരും.