Loading time...
Local

വീണ്ടും ചികിത്സപിഴവ് പരാതി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 9 Nov 2026, 7:08 pm
Updated on: 9 Nov 2026, 7:08 pm
Share:
Follow Us: YouTube
Feature Image

വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സപിഴവ് പരാതി. സ്ട്രോക്ക് വന്നത് തിരിച്ചറിയാതെ ചികിത്സ വൈകിയതിനാൽ 56കാരന്റെ കാൽ മുറിച്ച് മാറ്റേണ്ടി വന്നുവെന്നാണ് പരാതി. കുന്നുകര സ്വദേശി അബ്ദുൾ ജബ്ബാറാണ് ആശുപത്രിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ജൂലൈ 26നാണ് കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിൽ‌ അബ്ദുൽ ജബ്ബാർ എത്തിയത്. ഹൗസ് സർജൻസി ചെയ്യുന്ന എംബിബിഎസ് വിദ്യാർത്ഥികളാണ് ആ സമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്നതെന്നാണ് അബ്ദുൽ ജബ്ബാർ പറയുന്നത്. അവരോട് വേദനയുള്ള കാര്യം പറഞ്ഞെങ്കിലും ചില വേദനസംഹാരികളും നൽകി ഡ്രിപ്പുമിട്ടതിന് ശേഷം അബ്ദുൽ ജബ്ബാറിനെ അവർ മടക്കി അയക്കുകയായിരുന്നു.

 

പിന്നീട് വീണ്ടും വേ​ദനയുണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിലേക്ക് വന്നെങ്കിലും അപ്പോഴും വേദനസംഹാരികൾ മാത്രമാണ് നൽകിയതെന്ന് അബ്ദുൾ ജബ്ബാർ പറയുന്നു. തുടർന്ന് വീണ്ടും ആശുപത്രിയിലെത്തി സർജനെ കണ്ടപ്പോഴാണ് സ്ട്രോക്ക് വന്നതാണെന്നും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ടുവെന്നും ഡോക്ടർ അറിയിച്ചത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിദ​ഗ്ധ ചികിത്സ നൽകിയെങ്കിലും കാലിന്റെ ചലന ശേഷി വീണ്ടെടുക്കാനായില്ല. കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടി. എന്നാൽ കാൽ മുറിച്ചുമാറ്റേണ്ടി വന്നുവെന്നാണ് 56കാരനായ അബ്ദുൽ ജബ്ബാർ പറയുന്നത്. അബ്ദുൽ ജബ്ബാറിന്റെ പരാതി നേരത്തെ സൂപ്രണ്ടിനെ അടക്കം അറിയിച്ചിരുന്നതാണ്. പക്ഷേ പരാതി ഒതുക്കി തീർക്കാനുളള ശ്രമമാണ് നടത്തിയതെന്നും അബ്ദുൽ ജബ്ബാർ പറയുന്നു.