Loading time...
Local

പാങ്ങപ്പാറ കൊലപാതകം: വീണ്ടും ട്വിസ്റ്റ്; 18കാരി മൂന്നാം പ്രതി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 3 Nov 2026, 1:52 pm
Updated on: 3 Nov 2026, 1:52 pm
Share:
Follow Us: YouTube
Feature Image

തിരുവനന്തപുരം പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ കൗമാരക്കാരന്റെ പെൺസുഹൃത്തിനെയും പൊലീസ് പ്രതി ചേർത്തു. മണക്കാട് സ്വദേശിയായ 18കാരി അനന്ദയാണ് കേസിലെ മൂന്നാം പ്രതി. ഐടിഐ വിദ്യാർഥിനിയായ പെൺകുട്ടിക്ക് കൊലപാതകത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

 

അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നില്ല പ്രതികളുടെ യഥാർഥ ലക്ഷ്യമെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. അഭിരാമിന്റെ സുഹൃത്തിനെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. 17കാരനായ പ്രതിയുടെ മുൻ കാമുകിക്ക് അഭിരാമിന്റെ സുഹൃത്തുമായി പ്രണയമുണ്ടായതാണ് വൈരാഗ്യത്തിന് കാരണമായതെന്നാണ് പ്രതിയുടെ മൊഴി എന്നും പോലീസ് പറഞ്ഞു.

 

ആദ്യ പ്രണയം തകർന്നതോടെ ഇരുവരും പുതിയ ബന്ധങ്ങളിലേക്ക് കടന്നു. എന്നാൽ, മുൻ കാമുകനെ പ്രകോപിപ്പിക്കാനായി പുതിയ കാമുകനൊപ്പമുള്ള ചിത്രങ്ങൾ പെൺകുട്ടി അയച്ചുകൊടുത്തെന്നാണ് വിവരം. ഇതോടെ പുതിയ കാമുകനെ കൊലപ്പെടുത്താൻ കൗമാരക്കാരൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി അഭിരാമിനെ ഉപയോഗിച്ച് സുഹൃത്തിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്താനായിരുന്നു നീക്കം. പെൺസുഹൃത്തിന്റെ ഫോൺ രണ്ട് ദിവസത്തേക്ക് വാങ്ങിയ പ്രതി, അതിൽനിന്ന് ഇൻസ്റ്റഗ്രാം സന്ദേശം അയച്ചാണ് അഭിരാമിനെ സ്ഥലത്തെത്തിച്ചത്.

 

എന്നാൽ, പാങ്ങപ്പാറയിലെത്തിയ അഭിരാം സുഹൃത്തിനെ വിളിച്ചുവരുത്താൻ തയ്യാറായില്ല. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതിനിടെ അഭിരാമിന്റെ അച്ഛൻ ഫോണിൽ വിളിച്ചപ്പോൾ പ്രതി സംസാരിക്കുന്നത് തടസ്സപ്പെടുത്തി. തുടർന്ന് അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ മർദിക്കുകയും ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയുമായിരുന്നെന്നാണ് പ്രതിയുടെ മൊഴി.കൊലപാതകത്തിന് പിന്നാലെ ഗുണ്ട ഉമറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. അതേസമയം, കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയിൽ 18കാരിയായ പെൺകുട്ടിയുടെ പങ്കും പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ കൂടി കേസിൽ പ്രതി ചേർത്തിരിക്കുന്നത്.