ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട കേസിൽ കോടതിക്കുള്ളിൽ തന്നെ ഏറ്റുമുട്ടി പ്രോസിക്യൂഷനും മരിച്ച ജയപാലകൃഷ്ണന്റെ കുടുംബവും. അന്വേഷണവുമായി കുടുംബം സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാൽ അന്വേഷണത്തിലെ വിവരങ്ങളും അടിസ്ഥാന രേഖകളും പോലും തങ്ങൾക്ക് കൈമാറുന്നില്ലെന്ന് കുടുംബവും കോടതിയിൽ നിലപാടെടുത്തു.
17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി വാദം കേട്ടത്. അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നേരിട്ട് ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു.
അന്വേഷണത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ മാധ്യമങ്ങളിലൂടെയും പൊതുസമൂഹത്തിലേക്കും എത്തിച്ച് കുടുംബത്തിന്റെ അഭിഭാഷകർ അന്വേഷണം തടസ്സപ്പെടുത്തുകയാണെന്നാണ് പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണം. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകൾ പോലും നൽകാതെ പ്രോസിക്യൂഷൻ നിസ്സഹകരിക്കുകയാണെന്ന് കുടുംബവും തിരിച്ചടിച്ചു.
പ്രോസിക്യൂഷൻ അഭിഭാഷക ഏഴ് വർഷമായി കോടതിയിൽ പ്രവർത്തിക്കുന്നയാളാണെന്നും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പ്രത്യേകമായി നൽകണമെന്നും കോടതി നിർദേശിച്ചു. പ്രോസിക്യൂഷന്റെ ആരോപണങ്ങൾക്ക് പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്നും ഇപ്പോൾ അതേക്കുറിച്ച് പ്രതികരിക്കാനാകില്ലെന്നും കുടുംബം വ്യക്തമാക്കി. ഇതിനിടെ, അന്വേഷണത്തെ സമ്മർദ്ദത്തിലാക്കാൻ അനുവദിക്കില്ലെന്ന് കോടതി ശക്തമായ നിലപാടെടുത്തു. തുടർന്ന് വാദം അടച്ചിട്ട മുറിയിലേക്ക് മാറ്റാനും തീരുമാനിച്ചു.
അതേസമയം, കേസിൽ മറ്റൊരു നിർണായക നടപടിയും ഉണ്ടായി. ജയപാലകൃഷ്ണന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 17കാരന്റെ പിതാവും അഡീഷണൽ ജഡ്ജിയുമായ വ്യക്തിക്കെതിരെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുള്ള ബിഎൻഎസ് 238-ാം വകുപ്പും ചുമത്തി. ഇതിന് പ്രത്യേക കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ നിലവിലുള്ള എഫ്ഐആറിൽ തന്നെ പുതിയ വകുപ്പ് കൂടി ഉൾപ്പെടുത്തുകയായിരുന്നു.