Loading time...
Local

വിദേശത്ത് ജോലിക്ക് പോകാൻ അനുമതി തേടി തച്ചങ്കരി; ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 2 Nov 2026, 7:44 am
Updated on: 2 Nov 2026, 7:44 am
Share:
Follow Us: YouTube
Feature Image

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിദേശത്ത് പോയി ജോലി ചെയ്യുന്നതിനായി ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.

 

ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അസുഖം എന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞ വ്യക്തി ഇപ്പോൾ എങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ജയിലിലേക്ക് പോകേണ്ടിവരുമ്പോൾ അസുഖം വരും, പുറത്തിറങ്ങിയാൽ വിദേശത്ത് പോയി ജോലി ചെയ്യണം. ഇതെന്തുകൊണ്ടാണെന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ വിമർശനം. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണമെന്നും കോടതി പറഞ്ഞു.

 

അതേസമയം, തച്ചങ്കരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കാലയളവിലെ വിശദാംശങ്ങളാണ് തേടിയിരിക്കുന്നത്. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

 

2003 മുതൽ 2007 വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് തച്ചങ്കരിക്ക് ശിക്ഷ ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 17ന് കോട്ടയം വിജിലൻസ് കോടതി നാല് വർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

 

എന്നാൽ, കേസിലെ അപ്പീൽ തീർപ്പാകുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ഇടക്കാല ആവശ്യം പരിഗണിച്ച് ഒക്ടോബർ 15ന് ഹൈക്കോടതി ശിക്ഷ മരവിപ്പിക്കുകയും തച്ചങ്കരിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.