Loading time...
Global

നെതന്യാഹുവിന് തിരിച്ചടി! ലിക്കുഡുമായുള്ള ചർച്ച റദ്ദാക്കി ഗാഡി ഐസൻകോട്ട്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 11 Nov 2026, 6:24 am
Updated on: 11 Nov 2026, 6:39 am
Share:
Follow Us: YouTube
Feature Image

ഇസ്രയേൽ രാഷ്ട്രീയത്തിൽ പുതിയ പ്രതിസന്ധിക്ക് വഴിയൊരുക്കി നെതന്യാഹുവും പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ടും തമ്മിലുള്ള പോര്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുമായി നടത്താനിരുന്ന ചർച്ചകളിൽ നിന്നാണ് ഐസൻകോട്ട് പിന്മാറിയത്. പാർലമെന്റിൽ നെതന്യാഹു നടത്തിയ പ്രസംഗമാണ് ഈ തീരുമാനത്തിന് പിന്നിൽ. രാജ്യത്ത് ഐക്യസർക്കാർ വേണമെന്ന് ആവർത്തിക്കുന്ന നെതന്യാഹു, അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.

 

പുതിയ പാർലമെന്റായ നെസറ്റിന്റെ ആദ്യ സമ്മേളനത്തിലായിരുന്നു നെതന്യാഹുവിന്റെ വിവാദ പ്രസംഗം. അറബ് പാർട്ടികളുടെ പിന്തുണയോടെ അധികാരത്തിലെത്തുന്ന സർക്കാർ രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിനെതിരെ ശക്തമായി പ്രതികരിച്ച ഐസൻകോട്ട്, നെതന്യാഹുവിന്റെ പ്രസംഗം രാജ്യത്ത് ഭിന്നതയും വിദ്വേഷവും വളർത്തുന്നതാണെന്ന് കുറ്റപ്പെടുത്തി. ഇത്തരമൊരു നിലപാടുള്ള ഒരാൾക്ക് ഇനിയും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 

ഇതിന് പിന്നാലെയാണ് ബുധനാഴ്ച നടത്താനിരുന്ന ലിക്കുഡ് പ്രതിനിധികളുമായുള്ള ചർച്ച ഐസൻകോട്ട് റദ്ദാക്കിയത്. രാജ്യത്തിന്റെ ഐക്യത്തേക്കാൾ സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനാണ് നെതന്യാഹു പ്രാധാന്യം നൽകുന്നതെന്നും ഐസൻകോട്ടിന്റെ പാർട്ടിയായ യാഷർ ആരോപിച്ചു. അതേസമയം, ഐക്യസർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾക്ക് തങ്ങൾ ഇപ്പോഴും തയ്യാറാണെന്നാണ് ലിക്കുഡ് പാർട്ടിയുടെ പ്രതികരണം. എന്നാൽ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും പാർട്ടി വ്യക്തമാക്കി.

 

ഇതിനിടെ നെതന്യാഹുവിന്റെ മുൻ സർക്കാരിന്റെ നടപടികൾ തിരുത്താനുള്ള നീക്കങ്ങളും ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യം ആരംഭിച്ചിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചകൾ അന്വേഷിക്കാൻ സ്വതന്ത്ര ഔദ്യോഗിക അന്വേഷണ കമ്മീഷൻ രൂപീകരിക്കണമെന്ന ബിൽ ഇതിന്റെ ഭാഗമായി മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കാലാവധിക്ക് പരിധി നിശ്ചയിക്കുക, മുൻ സർക്കാർ കൊണ്ടുവന്ന ചില നീതിന്യായ പരിഷ്കാരങ്ങൾ പിൻവലിക്കുക തുടങ്ങിയ നിർദേശങ്ങളും സഖ്യത്തിന്റെ പരിഗണനയിലുണ്ട്.

 

പാർലമെന്റ് സ്പീക്കർ അമീർ ഒഹാനയെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പകരം യാഷർ പാർട്ടിയിലെ മതാൻ കഹാനയെ സ്പീക്കറായി നിയമിക്കാനാണ് പ്രതിപക്ഷ സഖ്യത്തിന്റെ നീക്കം. സ്പീക്കറെ മാറ്റുന്നതിനുള്ള ചർച്ച നവംബർ 17-ന് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചുമതല ലഭിച്ചിരിക്കുന്നത് ഗാഡി ഐസൻകോട്ടിനാണ്. ഇതിനായി അദ്ദേഹത്തിന് 28 ദിവസമാണ് ആദ്യം ലഭിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടിക്കിട്ടും. പാർലമെന്റിൽ ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കാനായാൽ നെതന്യാഹുവിന്റെ ദീർഘകാല ഭരണത്തിന് ഇതോടെ അവസാനമായേക്കും. സർക്കാർ രൂപീകരണ ചർച്ചകൾക്കിടയിൽ തന്നെ ഇരുപക്ഷവും തമ്മിലുള്ള പോര് ശക്തമായതോടെ ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ നിർണായകമാവുകയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .