Loading time...
Global

അഞ്ചുവർഷം കാത്തിരുന്നവർക്ക് ആശ്വാസമാകുമോ? അയർലൻഡിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 25 Sep 2026, 8:31 am
Updated on: 25 Sep 2026, 8:31 am
Share:
Follow Us: YouTube
Feature Image

അയർലൻഡിലെ പുതിയ പൗരത്വ പരിഷ്കാരവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾക്കിടെ പ്രധാനമന്ത്രി മൈക്കൽ മാർട്ടിന്റെ പ്രതികരണം പ്രവാസികൾക്കിടയിൽ ശ്രദ്ധ നേടുന്നു. നിലവിലെ സാഹചര്യത്തിൽ ചില കാര്യങ്ങൾ കൂടുതൽ പരിഗണിക്കേണ്ടതുണ്ടെന്ന നിലപാടാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

 

പൗരത്വത്തിന് ആവശ്യമായ താമസകാലം അഞ്ച് വർഷത്തിൽനിന്ന് എട്ട് വർഷമാക്കാനുള്ള നീക്കമാണ് രാജ്യത്തെ പ്രവാസികളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയത്. നിലവിലുള്ള നിയമപ്രകാരം അഞ്ച് വർഷം പൂർത്തിയാക്കി പൗരത്വത്തിന് അപേക്ഷിക്കാമെന്ന പ്രതീക്ഷയിൽ അയർലൻഡിൽ ജോലി ചെയ്യുന്നവരെയാണ് മാറ്റം പ്രധാനമായും ബാധിക്കുമോ എന്ന ആശങ്ക ഉയർന്നത്.

 

വർക്ക് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ അയർലൻഡിലെത്തി ഇതുവരെയുള്ള നിയമങ്ങൾ പാലിച്ച് ജോലി ചെയ്യുന്നവരുടെ സാഹചര്യം സർക്കാർ മനസ്സിലാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരക്കാരുടെ കാര്യത്തിൽ പരിഷ്കാരത്തിൽ നീതിപൂർവമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

നീതിന്യായമന്ത്രി ജിം ഒ’കല്ലഹാൻ വിഷയത്തിൽ കൂടുതൽ നിർദേശങ്ങൾ തയ്യാറാക്കുകയാണെന്നും അവ മന്ത്രിസഭയുടെ പരിഗണനയ്ക്ക് മുന്നിലെത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

 

അഞ്ചുവർഷത്തെ താമസം പൂർത്തിയാകുമെന്ന പ്രതീക്ഷയിൽ ജോലി തുടരുകയും കുടുംബത്തിന്റെ ഭാവി ആസൂത്രണം ചെയ്യുകയും ചെയ്തവർക്കാണ് എട്ട് വർഷമെന്ന നിർദേശം വലിയ ആശങ്ക സൃഷ്ടിച്ചത്. പൗരത്വത്തിന് യോഗ്യത നേടാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കുന്നവർക്ക് പോലും മൂന്ന് വർഷം കൂടി കാത്തിരിക്കേണ്ടിവരുമോ എന്ന ചോദ്യവും പ്രവാസികൾക്കിടയിൽ ശക്തമായി ഉയർന്നിരുന്നു.

 

സർക്കാർ അംഗീകരിച്ച പരിഷ്കാര നിർദേശത്തിൽ മിക്ക അപേക്ഷകർക്കും ആവശ്യമായ താമസകാലം എട്ട് വർഷമാക്കുന്നതിനൊപ്പം ഭാഷാ പരിജ്ഞാനവും അയർലൻഡിനെക്കുറിച്ചുള്ള അറിവും പരിശോധിക്കുന്ന വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

അതേസമയം, എട്ട് വർഷത്തെ താമസ വ്യവസ്ഥ ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. നിലവിൽ അയർലൻഡ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള പൊതുവായ താമസ മാനദണ്ഡം അഞ്ച് വർഷം തന്നെയാണ്.

 

നിലവിലെ കുടിയേറ്റ തൊഴിലാളികൾക്ക് അഞ്ച് വർഷത്തെ മാനദണ്ഡം തുടരുമെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അവർക്ക് ഇളവ് നൽകുമോ, നൽകിയാൽ ആരൊക്കെയാകും അതിന്റെ പരിധിയിൽ വരിക തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം വരാനുണ്ട്.

 

നിലവിലെ നിയമങ്ങളെ അടിസ്ഥാനമാക്കി ജീവിതം കെട്ടിപ്പടുത്ത ആയിരക്കണക്കിന് നിയമാനുസൃത താമസക്കാരെ പുതിയ മാറ്റം പ്രതികൂലമായി ബാധിക്കുമെന്ന വിമർശനവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിർദേശങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും നീതിപൂർവമായ നിലപാട് സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയത്.

 

വർക്ക് പെർമിറ്റ് ഉൾപ്പെടെയുള്ള വിവിധ മാർഗങ്ങളിലൂടെ അയർലൻഡിലെത്തി ജോലി ചെയ്യുന്നവർ ഇതുവരെയുള്ള നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്നും അതിനാൽ അവരുടെ വിഷയത്തിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .