Loading time...
Global

അയർലൻഡിൽ ലോകനേതാക്കൾ പങ്കെടുത്ത വിരുന്നിന് തൊട്ടടുത്ത് സ്ഫോടകവസ്തു; അന്വേഷണം ആരംഭിച്ച് പൊലീസ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 14 Nov 2026, 12:57 pm
Updated on: 14 Nov 2026, 1:01 pm
Share:
Follow Us: YouTube
Feature Image

അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ ലോകനേതാക്കളുടെ ഉച്ചകോടി നടന്നതിന് പിന്നാലെ സ്ഫോടകവസ്തു കണ്ടെത്തിയത് ആശങ്കയുണ്ടാക്കുന്നു. ലോകനേതാക്കൾ അത്താഴവിരുന്നിൽ പങ്കെടുത്ത വേദിക്ക് സമീപമുള്ള കെട്ടിടത്തിലാണ് സ്ഫോടകശേഷിയുള്ള ഉപകരണം കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ മെറിയൻ സ്ക്വയറിലെ ഒരു ഓഫീസ് കെട്ടിടത്തിൽ സംശയാസ്പദമായ വസ്തുവുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

 

തുടർന്ന് അയർലൻഡ് പ്രതിരോധ സേനയുടെ ബോംബ് നിർവീര്യമാക്കൽ വിഭാഗത്തെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. പരിശോധനയിൽ പ്രാഥമികമായി നിർമ്മിച്ചെങ്കിലും സ്ഫോടനശേഷിയുള്ള ഉപകരണമാണിതെന്ന് പൊലീസ് വ്യക്തമാക്കി. സൈനിക വിദഗ്ധർ ഇടപെട്ട് ഉപകരണം സുരക്ഷിതമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും സ്ഫോടകവസ്തു എപ്പോൾ അവിടെ എത്തിച്ചതാണെന്നോ ഇതിന് പിന്നിൽ ആരാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

 

സംഭവത്തിന് ഒരു ദിവസം മുമ്പാണ് ഇതേ പ്രദേശത്തിന് സമീപമുള്ള നാഷണൽ ഗാലറി ഓഫ് അയർലൻഡിൽ യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾ അത്താഴവിരുന്നിൽ പങ്കെടുത്തത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി തുടങ്ങിയ പ്രമുഖർ വിരുന്നിനെത്തിയിരുന്നു.

 

നേതാക്കളുടെ സന്ദർശനം കണക്കിലെടുത്ത് നേരത്തെ തന്നെ പ്രദേശത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മെറിയൻ സ്ക്വയറിന് ചുറ്റുമുള്ള റോഡുകളിൽ ഗതാഗത നിയന്ത്രണവും സുരക്ഷാ വലയവും ഏർപ്പെടുത്തിയിരുന്നു. അയർലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ നടപടികളിലൊന്നാണ് ഉച്ചകോടിക്കായി ഒരുക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

 

അതേസമയം, ഉച്ചകോടിയിൽ പങ്കെടുത്തിരുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നില്ല. ഡബ്ലിന് പുറത്തുവെച്ച് അമേരിക്കൻ പ്രസിഡന്റ് പ്രതിനിധികളായ ജാരെഡ് കുഷ്നറുമായും സ്റ്റീവ് വിറ്റ്കോഫുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

 

സ്ഫോടകവസ്തു കണ്ടെത്തിയ കെട്ടിടവും ലോകനേതാക്കൾ വിരുന്നിൽ പങ്കെടുത്ത നാഷണൽ ഗാലറിയും രണ്ട് വ്യത്യസ്ത സ്ഥലങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയും സുരക്ഷാ പരിശോധനകൾ തുടരുന്നതിനിടെയാണ് സംഭവം പുറത്തുവന്നത്. കണ്ടെത്തിയ ഉപകരണത്തിന് ഉച്ചകോടിയുമായോ അതിൽ പങ്കെടുത്ത നേതാക്കളുമായോ ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. സംഭവത്തിന്റെ പിന്നിലെ സാഹചര്യങ്ങൾ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.