Loading time...
Global

ഇറാനിൽ കുടുങ്ങി മലയാളി യുവാവ്; 11 മാസമായി നാട്ടിലേക്ക് മടങ്ങാനാകാതെ അക്ഷയ്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 10 Nov 2026, 4:05 pm
Updated on: 10 Nov 2026, 4:05 pm
Share:
Follow Us: YouTube
Feature Image

പാസ്പോർട്ടും മറ്റ് യാത്രാരേഖകളും നഷ്ടമായതോടെ ഇറാനിൽ കുടുങ്ങി മലയാളി യുവാവ്. കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷിനാണ് ദുരിതാനുഭവം. 11 മാസമായി ഇറാനിൽ കഴിയുന്ന അക്ഷയ്, നാട്ടിലേക്ക് മടങ്ങാൻ സഹായം തേടുകയാണ്.

 

അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പറായാണ് അക്ഷയ് ജോലി ചെയ്തിരുന്നത്. ദുബൈയിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് ഏജന്റ് തന്നെ കൊണ്ടുപോയതെന്നും എന്നാൽ കപ്പലിന്റെ യാത്രകൾ കൂടുതലും ഇറാനിലേക്കായിരുന്നുവെന്നും അക്ഷയ് പറയുന്നു.

 

പാകിസ്ഥാനിലെ തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ പരിശോധനയ്ക്കായി പാസ്പോർട്ട് കൈമാറിയിരുന്നു. വെരിഫിക്കേഷൻ പൂർത്തിയായിട്ടും പാസ്പോർട്ട് തിരികെ ലഭിച്ചില്ല. പാസ്പോർട്ടും മറ്റ് യാത്രാരേഖകളും ക്യാപ്റ്റനെ ഏൽപ്പിച്ചിട്ടുണ്ടാകുമെന്നാണ് അക്ഷയ് കരുതിയത്. എന്നാൽ ഇറാനിൽ നിന്ന് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയാണ് രേഖകൾ ക്യാപ്റ്റന്റെ കൈവശമില്ലെന്ന് വ്യക്തമായത്.

 

പാസ്പോർട്ടിനെക്കുറിച്ച് ക്യാപ്റ്റനോട് അന്വേഷിച്ചപ്പോൾ പാകിസ്ഥാനിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നായിരുന്നു കമ്പനിയുടെ മറുപടിയെന്നും അക്ഷയ് പറയുന്നു.

 

അക്ഷയ്‌ക്കൊപ്പം രേഖകൾ നഷ്ടമായ ആറ് മ്യാൻമർ സ്വദേശികളെ അവരുടെ എംബസിയുടെ ഇടപെടലിലൂടെ നാട്ടിലെത്തിച്ചു. എന്നാൽ അക്ഷയുടെ കാര്യത്തിൽ ഇതുവരെ പരിഹാരമായിട്ടില്ല.

 

വിഷയത്തിൽ കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണ ഇടപെട്ടിട്ടുണ്ട്. അക്ഷയുമായി ഫോണിൽ സംസാരിച്ച മന്ത്രി, മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിക്കും ഇറാനിലെ ഇന്ത്യൻ എംബസിക്കും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചു.

 

യുദ്ധസാഹചര്യത്തെ തുടർന്ന് നിലച്ച കപ്പൽ സർവീസുകൾ മാസങ്ങൾക്കു മുമ്പാണ് വീണ്ടും ആരംഭിച്ചത്. പാകിസ്ഥാനിൽ നിന്ന് അരി കൊണ്ടുവരുന്നതിനായി പോയ രണ്ടാം യാത്രയ്ക്കു ശേഷമാണ് പാസ്പോർട്ട് നഷ്ടമായതെന്നാണ് അക്ഷയ് പറയുന്നത്.

 

11 മാസമായി വിദേശത്ത് രേഖകളില്ലാതെ കഴിയുന്ന അക്ഷയ്ക്ക് സുരക്ഷിതമായി നാട്ടിലെത്താൻ അധികൃതരുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .