ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ കട്ടിയുള്ള പുകമഞ്ഞു അനുഭവപ്പെടുന്നുവെന്ന് റിപ്പോർട്ട്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കുകൾ പ്രകാരം രാവിലെ ഏഴ് മണിക്ക് ഡൽഹിയിലെ വായുഗുണനിലവാര സൂചിക 368 ആയി രേഖപ്പെടുത്തി. ഇത് ‘വളരെ മോശം’ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ആഘോഷങ്ങളുടെ ഭാഗമായി പൊട്ടിച്ച പടക്കങ്ങളും കാലാവസ്ഥ വ്യതിയാനവുമാണ് ഡൽഹിയിലെ വായുമലിനീകരണം വീണ്ടും രൂക്ഷമാകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന മേഖലയിൽ നവംബർ ഏഴ്, എട്ട് തീയതികളിൽ നിശ്ചിത സമയങ്ങളിൽ പരിസ്ഥിതി സൗഹൃദ പടക്കങ്ങൾ പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. രാവിലെ ആറ് മുതൽ ഏഴുമണിവരെയും രാത്രി എട്ട് മുതൽ പത്തുമണിവരെയുമായിരുന്നു പടക്കം പൊട്ടിക്കാൻ അനുവാദമുണ്ടായിരുന്നത്. ഇന്നു മുതൽ മേഖലയിൽ പടക്കങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ നിരോധനം വീണ്ടും നിലവിൽ വരുമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.