പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന കർമഭൂമി എക്സ്പ്രസിൽ വൻ തീപിടിത്തം. രാജ്പുരയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ട്രെയിനിലെ നാല് കോച്ചുകളിലേക്ക് തീ പടർന്നതായാണ് റിപ്പോർട്ട്. ഇതിൽ മൂന്ന് കോച്ചുകൾ പൂർണമായും കത്തിനശിച്ചു. നാലാമത്തെ കോച്ചിലേക്ക് തീ പടരുന്നതിനിടെയാണ് നിയന്ത്രണവിധേയമാക്കിയത്.
അമൃത്സറിൽ നിന്ന് പശ്ചിമബംഗാളിലെ ന്യൂ ജൽപായ്ഗുരിയിലേക്ക് പോവുകയായിരുന്ന പ്രത്യേക ട്രെയിനിലാണ് അപകടം. തീ പടർന്നതോടെ ട്രെയിൻ നിർത്തുകയും യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കുകയും ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആളപായമില്ല.
ഒരു കോച്ചിലെ ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം. ട്രെയിനിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ചാടുന്നത് കണ്ടതായും ദൃക്സാക്ഷികൾ പറയുന്നു. ദീപാവലി ആഘോഷത്തിനായി നാട്ടിലേക്ക് മടങ്ങിയവരായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. വെള്ളിയാഴ്ചകളിൽ മാത്രം സർവീസ് നടത്തുന്ന പ്രത്യേക ട്രെയിനിലാണ് അപകടമുണ്ടായത്.