അയർലൻഡിൽ ശമ്പളവർധനയും വിലക്കയറ്റത്തിനനുസരിച്ചുള്ള വേതനസംരക്ഷണവും ആവശ്യപ്പെട്ട് പൊതുമേഖലാ ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി. നഴ്സുമാർ, ഡോക്ടർമാർ, അധ്യാപകർ, സർക്കാർ ജീവനക്കാർ തുടങ്ങി മൂന്ന് ലക്ഷത്തിലേറെ പേരാണ് സമരത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തെ മിക്ക പ്രൈമറി, സെക്കൻഡറി സ്കൂളുകളും അടഞ്ഞു. ആശുപത്രികളിൽ പതിവ് അപ്പോയിന്റ്മെന്റുകളും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും റദ്ദാക്കി.
ഫിസിയോതെറാപ്പി, ദന്തചികിത്സ, കമ്മ്യൂണിറ്റി ക്ലിനിക്കുകൾ തുടങ്ങിയ സേവനങ്ങളെയും സമരം ബാധിച്ചു. എന്നാൽ അത്യാഹിത വിഭാഗം, അടിയന്തര കാൻസർ ചികിത്സ, ഡയാലിസിസ് എന്നിവ തുടരും. മിക്ക കോടതി നടപടികളും പാർലമെന്റ് യോഗങ്ങളും മാറ്റിവച്ചിട്ടുണ്ട്. ബസ്, ട്രെയിൻ, ഡാർട്ട്, ലുവാസ് സർവീസുകൾ സാധാരണ നിലയിൽ തുടരുമെന്നാണ് പ്രതീക്ഷ.
ജൂണിൽ അവസാനിച്ച ശമ്പളക്കരാറിന് പകരം പുതിയ ധാരണയുണ്ടാകാത്തതാണ് സമരത്തിന് കാരണം. ചർച്ചകൾ ശമ്പളവർധനയിൽനിന്ന് തുടങ്ങണമെന്നും വിലക്കയറ്റത്തിൽ വേതനമൂല്യം കുറയാതിരിക്കാൻ ഉറപ്പ് വേണമെന്നും യൂണിയനുകൾ ആവശ്യപ്പെടുന്നു. പുതിയ ശമ്പളക്കരാറിനായി ബജറ്റ് 2027ൽ 120 കോടി യൂറോ മാറ്റിവച്ചിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ വ്യക്തമായ ഉറപ്പ് വേണമെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകൾ.ഒക്ടോബർ 21ന് വീണ്ടും പണിമുടക്ക് നടത്താനും പ്രഖ്യാപിച്ചിട്ടുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .