അനധികൃതമായി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവും 30,84,892 രൂപ പിഴയും വിധിച്ച് കോട്ടയം വിജിലൻസ് കോടതി. 2003 ജനുവരി 1 മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ തച്ചങ്കരി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ കേസ്.
തച്ചങ്കരിയുടെ പ്രഖ്യാപിത വരുമാന സ്രോതസ്സുകളുമായി താരതമ്യം ചെയ്യുമ്പോൾ 64 ലക്ഷം രൂപയുടെ അധിക സ്വത്ത് കണ്ടെത്തിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. വെളിപ്പെടുത്തിയ വരുമാനത്തേക്കാൾ 135 ശതമാനം അധികമായിരുന്നു ഈ സ്വത്തെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അധിക സ്വത്തിന്റെ ഉറവിടം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണമോ ആവശ്യമായ രേഖകളോ നൽകാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെയാണ് തച്ചങ്കരിക്കെതിരായ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ഭൂമി വാങ്ങിയ ഇടപാടിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടമുണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസാണ് പിന്നീട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്ന് കോട്ടയം കോടതിയിലേക്കും മാറ്റിയത്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹർജികൾ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതിനു പിന്നാലെയാണ് വിചാരണ പൂർത്തിയായത്. ജഡ്ജി കെ.വി. രജനീഷാണ് വിധി പ്രസ്താവിച്ചത്.
കേസിൽ 96 സാക്ഷികളെ വിസ്തരിച്ചതായി പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് പറഞ്ഞു. ഗുരുതരമായ കുറ്റമാണ് തച്ചങ്കരി നടത്തിയതെന്നും തുടർനടപടികൾ വിജിലൻസ് ഡയറക്ടറുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്നും വിധിക്കെതിരെ 30 ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .