ജർമനിയിലെ വിവിധ നഗരങ്ങളിൽ ജെൻ സീ യുവാക്കളുടെ പ്രതിഷേധം വലിയ സംഘർഷത്തിൽ കലാശിച്ചു. ബർലിൻ, ഹാംബർഗ്, കൊളോൺ, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ നഗരങ്ങളിലാണ് അക്രമം വ്യാപിച്ചത്. മുഖംമൂടി ധരിച്ചെത്തിയ സംഘങ്ങൾ പ്രതിഷേധത്തിനിടെ അക്രമം അഴിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. വാഹനങ്ങളും ബാരിക്കേഡുകളും കൂട്ടിയിട്ട് തീയിട്ടു. കടകളുടെ ചില്ലുകൾ തകർത്തശേഷം സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. പൊലീസിന് നേരെ കല്ലുകളും പടക്കങ്ങളും എറിഞ്ഞതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാസേനയ്ക്ക് ഇടപെടേണ്ടിവന്നു.
ഫ്രാങ്ക്ഫർട്ടിൽ മാത്രം നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇവിടെ 54 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലേറിൽ മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഒരു പൊലീസുകാരന് നിരവധി പല്ലുകളും നഷ്ടമായി. പ്രതിഷേധത്തിന്റെ മറവിൽ അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജർമൻ സർക്കാർ മുന്നറിയിപ്പ് നൽകി.